ഇരിട്ടി: ടൗണിലെ മൊബൈൽ ഷോപ്പുകളിൽ കവർച്ച നടത്തുകയും നിർത്തിയിട്ട ബൈക്ക് കവർന്ന് കടന്നുകളയുകയും ചെയ്ത സംഭവത്തിൽ പ്രതികളെ കർണാടകയിൽ വച്ച് അറസ്റ്റ് ചെയ്തു. ഇരിട്ടി പോലീസും കർണാടക പോലീസും സംയുക്തമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലും കർണാടയിലും നിരവധി കേസുകളിലെ പ്രതികളായ ഉളിക്കൽ മണ്ഡപ പറമ്പ് സ്വദേശി ടി.എ. സലിം (42), കർണാടകയിലെ സോമവാർപേട്ട് താലൂക്കിലെ ഗാന്ധി നഗറിറിൽ താമസക്കാരനായ മലയാളി സഞ്ജയ് കുമാർ എന്ന സഞ്ജു (30) എന്നിവരാണ് പിടിയിലായത്.
പ്രതികളായ ഇരുവരും നേരത്തെ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. ഇരിട്ടിയിലെ കവർച്ചയ്ക്ക് പുറമെ കേളകം , മാടത്തിൽ , പെരുങ്കരി എന്നിവിടങ്ങളിലെ ആരാധാനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും രണ്ടംഗ സംഘം കവർച്ച നടത്തിയിട്ടുണ്ട്.
കർണാടകയിൽ വാഹന കവർച്ച ഉൾപ്പെടെയുള്ള നിരവധി കേസുകളിലും പ്രതികളാണ്. നിലവിൽ കർണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ ഇരിട്ടിയിലെത്തിച്ച് തുടർ അന്വേഷണം നടത്തും.കഴിഞ്ഞ ആഴ്ചയായിരുന്നു ഇരിട്ടിയിൽ കവർച്ച നടന്നത്. ഇരിട്ടിയിലെ രണ്ട് മൊബൈൽ ഷോപ്പുകളിൽ കവർച്ച നടത്തിയ പ്രതികൾ നഗരത്തിലെ ഒരു പാർട്ടി ഓഫീസിനു മുന്നിൽ നിർത്തിയിട്ട ബൈക്കും കവർന്ന് കടന്നു കളയുകയായിരുന്നു.
ബൈക്കുമായി പ്രതികൾ തലശേരി ഭാഗത്തേക്ക് സഞ്ചരിച്ചതായി മനസിലാക്കിയ പോലീസ് ഇരിട്ടി മുതൽ തലശേരി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനം കൂട്ടുപുഴ ചെക്ക് പോസ്റ്റ് കടന്ന് കർണാടകയിലേക്ക് പോയതായും കണ്ടെത്തി. ഇതോടെയാണ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചത്.
ഇരിട്ടി സി ഐ എ . കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്. ഇരിട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഷിജോയ്, ബിനീഷ്, സുകേഷ്, പ്രവീൺ, ആറളം സ്റ്റേഷനിലെ ജയദേവൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.