സ്വന്തംലേഖകന്‍
കോഴിക്കോട്: കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്ലഡ് കാന്‍സറിന് വരെ കാരണമായേക്കാമെന്ന് മുന്നറിയിപ്പ്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് മൊബൈല്‍ഫോണിന്റെ പരിധിവിട്ട ഉപയോഗം കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി തുടങ്ങി കാന്‍സറിനു വരെ കാരണമാവുമെന്ന് പോലീസ് മുന്നറിപ്പു നല്‍കിയത്.
കുട്ടികളുടെ ത്വക്കു മുതല്‍ ഓരോ അവയവങ്ങളും വളര്‍ച്ച പ്രാപിക്കുന്നതെ ഉള്ളൂ. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെ ഘട്ടത്തില്‍ മൊബൈലില്‍ നിന്നുണ്ടാകുന്ന വൈദ്യുത കാന്തിക തരംഗങ്ങള്‍ മുതിര്‍ന്നവരേക്കള്‍ വേഗത്തില്‍ കുട്ടികളെ ഗുരുതരമായി ബാധിക്കും. വീഡിയോ ഗെയിം തുടങ്ങി മൊബൈല്‍ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക, വിഷാദം, ആത്മഹത്യാപ്രവണത, പഠനത്തില്‍ ശ്രദ്ധയില്ലായ്മ, ദേഷ്യം, അക്രമവാസന തുടങ്ങിയ പെരുമാറ്റവൈകല്യങ്ങളും കുട്ടികളില്‍ ദൃശ്യമാകുന്നുണ്ടെന്നും പോലീസ് മുന്നറിയിപ്പു നൽകുന്നു.
കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം പരിധിയിലും കൂടുതലായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പായി പോലീസ് ഫേസ്ബുക്ക് വഴി ജാഗ്രതാനിര്‍ദേശം നല്‍കിയത്. ‘അഞ്ച് വയസായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസാരം എന്ന് മക്കളെക്കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കളെ നമ്മളില്‍ പലര്‍ക്കും അറിയാമായിരിക്കും’ എന്നു തുടങ്ങുന്നതാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ് : ‘ഒരഭിമുഖത്തില്‍ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്സ് പറഞ്ഞത് 14 വയസ് വരെ തന്റെ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്നില്ല എന്നാണ്. മറ്റു കുട്ടികള്‍ക്ക് നേരത്തെ ഫോണ്‍ കിട്ടിയെന്ന് കുട്ടികള്‍ പരാതിപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഉപയോഗം നിയന്ത്രിച്ചതിനാല്‍ അവര്‍ക്ക് ഉറങ്ങാനും ഹോം വര്‍ക്ക് ചെയ്യാനും കൂട്ടുകാരോടുത്തു കളിക്കാനും വേണ്ടുവോളം സമയം ലഭിച്ചിക്കുന്നു എന്നും…
ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പോഴും എന്തിനേറെ ഉറങ്ങാന്‍ കിടക്കുമ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത് പല കുട്ടികള്‍ക്കും ഒരു ശീലമായിട്ടുണ്ട്. മാതാപിതാക്കള്‍ തന്നെ ശീലിപ്പിച്ചിട്ടുണ്ട് എന്ന് വേണമെങ്കിലും പറയാം. കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വളരെയേറെ ദോഷകരമാണെന്ന് അറിയാമായിരുന്നിട്ടും കുറച്ചു സമയമെങ്കിലും വികൃതി കുറയട്ടെ എന്ന് കരുതി പല മാതാപിതാക്കളും അവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കുന്നു.
മൊബൈലോ കംപ്യൂട്ടറോ സുലഭമല്ലാതിരുന്നൊരു കാലത്ത് കുട്ടികള്‍ക്ക് അവരുടെ ബാല്യകാലം സമൃദ്ധമായിരുന്നു. സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും കാലഘട്ടത്തിന്റെ മുന്നേറ്റവും നമ്മുടെ ജീവിതശൈലിയിലുണ്ടാക്കിയ മാറ്റം അവരുടെ ബാല്യത്തിനെയും ബാധിച്ചിരിക്കുന്നു. പ്രകൃതിയെയും സമൂഹത്തെയും അടുത്തറിയുന്നതിനു പകരം മൊബൈല്‍ ഫോണിന്റെ ചെറിയ സ്ക്രീനില്‍ അവരുടെ ബാല്യം ഒതുങ്ങാന്‍ പാടില്ല. ഇതിനു പ്രധാന കാരണം ഒരു പരിധിവരെ അച്ഛനമ്മമാര്‍ തന്നെയാണ്.
തിരക്കേറിയ ജീവിതത്തിനിടയില്‍ മാതാപിതാക്കളില്‍ പലര്‍ക്കും തങ്ങളുടെ മക്കളെ ശ്രദ്ധിക്കാനുള്ള സമയം കിട്ടുന്നില്ല. മൊബൈല്‍ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികളെ രക്ഷിതാക്കള്‍ അതിന്റെ ദൂഷ്യവശം പറഞ്ഞു മനസിലാക്കി നിശ്ചിത സമയത്തേക്ക് അത്യാവശ്യമെങ്കില്‍ അനുവദിക്കുക. രക്ഷാകര്‍തൃത്വം എന്നതിലുപരി കുട്ടികളുമായി സൗഹൃദം പുലര്‍ത്തുക. അവരുടെ ബാല്യകാലം അവര്‍ പൂര്‍ണ്ണമായും ആസ്വദിച്ച് വളരട്ടെയെന്നും വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്’.