കൊല്ലം: പി ഹണ്ട് വേട്ടയുടെ ഭാഗമായി പിടിച്ചെടുത്ത അശ്ലീല വീഡിയോകൾ അടങ്ങിയ മൊബൈൽ ഫോൺ തന്നെ പോലീസിന്റെ പക്കൽ നിന്ന് അപ്രത്യക്ഷമായി.
കൊല്ലം ജില്ലയിലെ തെക്കേ അറ്റത്തുള്ള കടലോര നഗരത്തിലെ ഒരു ജനമൈത്രി പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇവിടെയുള്ള ഒരു യുവാവിന് നീലച്ചിത്രങ്ങളോട് കമ്പം.
കാണുന്ന ചിത്രങ്ങൾ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്ത് സന്തോഷം പങ്കിടുന്നതിലും മോശക്കാരനല്ല. പിഹണ്ട് വേട്ടയുടെ ഭാഗമായി സൈബർ സെൽ ഇയാളുടെ നമ്പർ കണ്ടെത്തി.
ജനമൈത്രി പോലിസിനോട് നടപടി എടുക്കാൻ ആവശ്യപ്പെട്ടു.പോലീസ് നടപടികൾ അതിവേഗമായിരുന്നു. യുവാവിനെ കണ്ടെത്തി, ഫോൺ പിടിച്ചെടുത്തു.
കേസെടുക്കാനുള്ള പ്രാരംഭ ശ്രമങ്ങളുമാരംഭിച്ചു. തെളിവായ ഫോൺ സൂക്ഷിക്കാൻ വനിതാ സിവിൽ പോലീസ് ഓഫീസറെ ഏല്പിക്കുകയും ചെയ്തു.
പ്രാഥമിക വിവര റിപ്പോർട്ടിനൊപ്പം തെളിവായി പിടിച്ചെടുത്ത ഫോണും കോടതിയിലെത്തിച്ചപ്പോഴാണ് മറിമായം സഹപ്രവർത്തകർ പോലുമറിയുന്നത് .പിടിച്ചെടുത്ത ഫോണിന് പകരം മറ്റൊരു ഫോൺ.
സൗമ്യനും വളരെ മാന്യനുമായ സ്റ്റേഷൻ ഹൗസ് ഓഫീസർ ഞെട്ടി. ജനമൈത്രി അമരക്കാരനായ ഏമാനും ഇപ്പോൾ തലയിൽ മുണ്ട് മൂടിയ നിലയിലാണ്.
കിട്ടിയ അവസരം പാഴാക്കാതെ സ്പെഷ്യൽ ബ്രാഞ്ചുകാർ സംഭവം കൈയോടെ മുകളിലേക്ക് റിപ്പോർട്ടും ചെയ്തു. ഫോൺ സൂക്ഷിക്കാൻ ഏൽപിച്ച വനിതാ ഉദ്യോഗസ്ഥ മാറ്റിയതാണോ?
അതോ സഹ പ്രവർത്തകർ അടിച്ചുമാറ്റി പകരം മറ്റൊന്ന് വച്ചതാണോ? അതോ പ്രതിയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ പണം വാങ്ങി ഫോൺ മാറ്റിയതാണോ?
എന്തായാലും അന്വേഷണത്തിന് തുടക്കമായിട്ടുണ്ട്. ഫോൺ അടിച്ചുമാറ്റിയവരെ രക്ഷിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.അരമന രഹസ്യമായി സൂക്ഷിച്ചിരുന്നത് അങ്ങാടിപ്പാട്ടായി മാറിയതിന്റെ ജാള്യതയും ജനമൈത്രിക്കാർക്കുണ്ട്.