ചങ്ങരംകുളം: ബീഹാറിയായ യുവാവ് മോഷ്ടിച്ച മൊബൈൽ ഫോണ് പോലീസിന്റെ തന്ത്രപരമായ ഇടപെടൽ മൂലം സുഹൃത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. രണ്ടാഴ്ച മുന്പ് കിഴിക്കര സ്വദേശിയായ സാബിർ എന്ന യുവാവാണ് വിലപിടിപ്പുള്ള മൊബൈൽ ഫോണ് ചങ്ങരംകുളത്തെ പലചരക്കു കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ മറന്നുവച്ചത്. സാംസംഗ് മൊബൈൽ നിമിഷങ്ങൾക്കകം അപ്രത്യക്ഷമായിരുന്നു. മറന്നു വച്ച ഉടനെ മൊബൈൽ അപ്രത്യക്ഷമായതിനെ തുടർന്നു സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് തൊട്ടുപിറകെ സാധനങ്ങൾ വാങ്ങാനെത്തിയ ബീഹാറി യുവാവ് സൂത്രത്തിൽ മൊബൈൽ അടിച്ചുമാറ്റി കടന്നു കളയുന്ന ദൃശ്യം ശ്രദ്ധയിൽ പെട്ടത്. തുടർന്നു മൊബൈലിന്റെ ഉടമ സിസിടിവി ദൃശ്യം സഹിതം ചങ്ങരംകുളം പോലീസിനു പരാതിയും നൽകി.
ഇതിനിടെ മൊബൈൽ മോഷ്ടാവിന്റെ ദൃശ്യം സോഷ്യൽ മീഡിയകളിൽ പരന്നതോടെ മോഷ്ടാവിനെ ഏകദേശം തിരിച്ചറിയാൻ ചിലർ ഉടമയെയും പോലീസിനെയും സഹായിച്ചെങ്കിലും അന്യസംസ്ഥാന തൊഴിലാളിയെ തേടി പോലീസ് ഇയാളുടെ റൂമിലെത്തിയപ്പോഴേക്കും സംഭവം അറിഞ്ഞ കള്ളൻ താമസമുറി പൂട്ടി സ്ഥലം കാലിയാക്കി നാട്ടിലേക്ക് കടന്നിരുന്നു. ചങ്ങരംകുളം അഡീഷണൽ എസ്ഐ ബേബിയുടെ നിർദേശത്തെ തുടർന്നു മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഓഫീസർ കൂടിയായ ആൽബർട്ട് മുൻ കയ്യെടുത്ത് ബംഗാളിയുടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയും മൊബൈൽ മോഷ്ടാവിനെ വിളിച്ച് വരുത്താൻ ശ്രമം നടത്തുകയും ചെയ്തെങ്കിലും മോഷ്ടാവ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തതോടെ ശ്രമം പരാജയപ്പെട്ടിരുന്നു.
താമസമുറിയുടെ ഉടമസ്ഥനും പോലീസിനും നൽകിയ താമസ രേഖയിലും രേഖപ്പെടുത്തിയ നാട്ടിലെ വിലാസ പ്രകാരം ബീഹാറിയുടെ നാട്ടുകാർ മുഖേനെ മോഷ്ടാവിന്റെ വീടുമായി ബന്ധപ്പെടുകയും ചെയ്തതോടെ വീട്ടുകാരും സംഭവം നിഷേധിച്ചു. വിഷയം കേസാണെന്നും ബംഗാളിലെ പോലീസുമായി ബന്ധപ്പെട്ട് ഭർത്താവിനെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ കാര്യങ്ങൾ എളുപ്പമായി.
തുടർന്നു മൊബൈൽ കേരളത്തിൽ എത്തിക്കാമെന്നും കേസ് ഒഴിവാക്കി തരണമെന്നും അഭ്യർഥിച്ച് പോലീസിനു ഇയാളുടെ ഭാര്യയുടെ ഫോണ്കോൾ എത്തി. മൊബൈലിന്റെ ഉടമയ്ക്ക് മൊബൈൽ തിരിച്ചു കിട്ടിയാൽ മതി എന്നു പറഞ്ഞതോടെ സുഹൃത്ത് വഴി ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം മൊബൈൽ എത്തി. തുടർന്നു ഉടമ സ്റ്റേഷനിലെത്തി മൊബൈൽ കൈപ്പറ്റി. പോലീസിന്റെ ബുദ്ധിപൂർവമുള്ള നീക്കങ്ങളാണ് മൊബൈൽ തിരിച്ചു കിട്ടാൻ കാരണമെന്ന് പറഞ്ഞാണ് ഉടമ മൊബൈൽ ഫോണുമായി വീട്ടിലേക്ക് തിരിച്ചത്.