ചങ്ങനാശേരി: വിവാഹത്തിന്റെ മൂന്നാംനാൾ മൊബൈൽ ഫോണ് മോഷണത്തിനെത്തിയ യുവാവിനെ വ്യാപാരികൾ ഓടിച്ചിട്ടു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആലുവ ആലങ്ങോട് തോപ്പുംപറന്പ് അരുണി(21)നെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചങ്ങനാശേരി നഗരത്തിലെ മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ ഫോണ് കടയിലാണ് ഇയാൾ മോഷണത്തിനു ശ്രമിച്ചത്. ഫോണ് വാങ്ങാൻ എന്ന വ്യാജേന എത്തിയ ഇയാൾ റിപ്പയറിംഗിനു വച്ചിരുന്ന വിലപിടിപ്പുള്ള ഫോണ് കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു.
രണ്ടുവർഷം മുന്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കറുകച്ചാൽ സ്വദേശിനിയെ കഴിഞ്ഞദിവസമാണ് ഇയാൾ വിവാഹം ചെയ്തത്. വിവാഹത്തിന്റെ മൂന്നാംനാളാണ് മോഷണക്കേസിൽ അറസ്റ്റിലായത്. സിഐ കെ.പി. വിനോദ്, എസ്ഐ ടി.വി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.