ലണ്ടൻ: യാത്രക്കാരിലൊരാൾ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ മോഷ്ടിച്ചെന്ന സംശയത്തെത്തുടർന്നു വിമാനം 88 മിനിറ്റ് വൈകി. ലണ്ടൻ ലൂട്ടൺ എയർപോർട്ടിലാണു സംഭവം.
അൽബേനിയൻ തലസ്ഥാനമായ ടിറാനയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിസ് എയർ ഫ്ലൈറ്റാണ് വൈകിയത്. വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ കാണാനില്ലെന്നും ഫോൺ വീണ്ടെടുക്കുന്നതുവരെ വിമാനം പുറപ്പെടാനാവില്ലെന്നും യാത്രക്കാരെ അറിയിക്കുകയായിരുന്നു.
യാത്രക്കാരിൽ ഒരാൾ ഫോൺ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്നും ആരാണോ ഫോൺ എടുത്തത്, അയാൾ വിവരം അറിയിക്കണമെന്നും ജീവനക്കാർ പറഞ്ഞു. തുടർന്ന് പോലീസ് എത്തി വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല.
ഒടുവിൽ അങ്ങനെയൊരു ഫോൺ വിമാനത്തിൽ ഇല്ലെന്നു പറഞ്ഞ് വിമാനം പുറപ്പെടുകയായിരുന്നു. യാത്രക്കാരിൽ ചിലർ സംഭവത്തെ വിമർശിച്ച് രംഗത്തെത്തി. സെക്യൂരിറ്റി ഗാർഡിന് സ്വന്തം ഫോൺ സൂക്ഷിക്കാനായില്ലെങ്കിൽ വിമാനത്താവളത്തിൽ എന്തു സുരക്ഷയാണ് ഉള്ളതെന്ന ചോദ്യവും ഉയർന്നു.