ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ ഫോണ് കവർച്ചയ്ക്ക് പിടിയിലായ യുവാവ് ആളൊരു വീരൻ തന്നെ. ഇയാളുടെ കൈ നഖത്തിനടിയിൽ ഒളിപ്പിച്ചു വന്ന 12 സിംകാർഡുകൾ പോലീസ് പിടികൂടി. രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോണ് മോഷ്ടിച്ചതിന് പിടിയിലായ ചങ്ങനാശേരി സ്വദേശി സിജിൻ (30) എന്നയാളുടെ പക്കൽ നിന്നാണ് ഇത്രയും സിം കാർഡ് കണ്ടെത്തിയത്.
ഇന്നലെ രോഗികളുടെ വാർഡിലെ കൂട്ടിരിപ്പുകാരാണ് സംശയം തോന്നി ഇയാളെ തടഞ്ഞുവച്ചു പോലീസിനെ വിവരമറിയിച്ചത്.ഗാന്ധിനഗർ പോലീസിന്റെ പരിശോധനയിൽ ഇയാളിൽ നിന്നു മൂന്നു മൊബൈൽ ഫോണുകൾ കണ്ടെടുത്തു. തുടർന്നു ചോദ്യം ചെയ്തപ്പോൾ ഇയാൾക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി പെട്ടെന്ന് കുഴഞ്ഞു വീണു. ഉടനെ പോലീസ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൈ നഖത്തിനടിയിൽ പത്തുരൂപ നോട്ട് ചെറുതായി മടക്കി അതിനുളളിൽ 12 സിം കാർഡുകൾ സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്. സിം കാർഡ് പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ പോലീസ് കാവലിലാണ് ഇയാൾ കിടക്കുന്നത്.
ഡിസ്ചാർജ് ചെയ്ത ശേഷം വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ പത്തോളം മൊബൈൽ ഫോണുകളാണ് ആശുപത്രിയിൽ നിന്ന് കാണാതായത്.