ചാവക്കാടുനിന്നു മോഷ്ടിച്ചെടുത്ത രണ്ട് മൊബൈല്‍ഫോണുകള്‍ ചെറായി ദേവസ്വം നടയിലെ മൊബൈല്‍ കടയില്‍ വില്ക്കാന് ശ്രമിച്ച യുവാവിനെ മുനന്പം പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി സ്വദേശി പുതുമാളിയേക്കല്‍ തഫ്സീര്‍ ദര്‍വേഷ് (20)ആണ് അറസ്റ്റിലായത്. മോഷ്ടിച്ചെടുക്കുന്ന ഫോണുകള്‍ കാമുകിമാര്‍ക്ക് സമ്മാനം നല്‍കുന്നത് മോഷ്ടാവിന്റെ ഹോബി.
മുനമ്പം പോലീസ് ഇന്നലെ പിടികൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടാവായ പൊന്നാനി സ്വദേശി തഫ്സീര്‍ ദര്വേഷിന്റേതാണ് ഈ ഹോബി. ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് യുവതികളെ പരിചപ്പെട്ട് ഇവരുമായി പ്രയണയത്തിലാകും. തുടര്‍ന്ന് ഞാന്‍ ഒരു മൊബൈല്‍ഫോണ്‍ സമ്മാനം തരട്ടെയെന്ന് ചോദിക്കും. ഇത് കേള്‍ക്കുമ്പോള്‍ കാമുകിമാര്‍ക്ക് സന്തോഷമാകും.
പിന്നീട് സ്ഥലവും സമയം നിശ്ചയിച്ചശേഷം ഏതെങ്കിലും ഷോപ്പ് കുത്തിത്തുറന്ന് ഫോണ്‍ മോഷ്ടിച്ച് എത്തിച്ചു കൊടുക്കും. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ എടക്കഴിയൂരിലെ ഒരു കട കുത്തിപ്പൊളിച്ച് ഏഴു മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന ഇയാള്‍ രണ്ട് ഫോണുകളുമായി എത്തിയത് ചെറായിയിലെ ഒരു ഫേസ്ബുക്ക് കാമുകിക്ക് നല്കാന് വേണ്ടിയാണത്രേ.
മോഷണത്തിനു മുമ്പ് ഇയാള്‍ നടത്തിയ ഫേസ്ബുക്ക് ചാറ്റിംഗില്‍ ഈ കാമുകിക്ക് ഒരു ഫോണ്‍ ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതുമായി ബുധനാഴ്ച രാവിലെ 10.30നു പറവൂര്‍ ബസ്റ്റാന്‍ഡില്‍ കാണാമെന്നും ചാറ്റിംഗില്‍ സൂചനയുണ്ടായിരുന്നതായി ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ച പോലീസ് അറിയിച്ചു. ഇതിനിടയിലാണ് ഫോണ്‍ വില്പന നടത്താന്‍ ശ്രമിച്ചതും പോലീസ് പിടിയിലായതും.
ഇന്നലെ രാവിലെ ചെറായി ദേവസ്വം നടയിലുളള മൊബൈല്‍ഫോണ്‍ കടയില്‍ രണ്ട് വിലകൂടിയ ഫോണുകളുമായെത്തിയ യുവാവ് ഫോണ്‍ എടുക്കുമോയെന്ന് കടയുടമയോട് ചോദിച്ചു. കടയുടമ ഐഡി പ്രൂഫ് ആവശ്യപ്പെട്ടപ്പോള്‍ യുവാവ് തട്ടിക്കയറി. സംശയം തോന്നിയ കടക്കാരന് വിവരം നല്‍കിയതനുസരിച്ച് ദേവസ്വം നടയില്‍ പട്രോളിംഗിലുണ്ടായിരുന്ന മുനന്പം എസ്ഐ ടി.വി. ഷിബു കടയിലെത്തുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനു ചാവക്കാടിനടുത്ത് എടക്കഴിയൂരിലെ ജലീല്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷ്ടിച്ച അഞ്ച് ഫോണുകളില്‍ രണ്ടെണ്ണമാണ് വില്പന നടത്താന്‍ ശ്രമിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ബാക്കി ഫോണുകള്‍ വീട്ടിലെ തട്ടിന്‍പുറത്ത് ഒളിപ്പിച്ചുവച്ചതായും പ്രതി അറിയിച്ചു.