ഏറ്റുമാനൂർ: മൊബൈൽ ഷോപ്പിൽനിന്നും അഞ്ചു ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചതിനു പിന്നിൽ പോലീസിന്റെ സാഹസികമായ യാത്ര. അസം സ്വദേശി മോറിഗോണ്‍ ജാഗിറോഡ് മോർപായക് നെല്ലിയിൽ ആഷിഖ് ഉൾ ഇസ്ലാം(18)നെയാണു പിടികൂടിയത്.
ബസ് സ്റ്റാൻഡിനും പരിസരത്തുമുള്ള മുപ്പതോളം സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതി ആഷിഖ് ഉൾ ഇസ്ലാമാണെന്നു പോലീസ് തിരിച്ചറിഞ്ഞത്. ലോക്ക് ഡൗണ്‍ സമയത്ത് ഏറ്റുമാനൂരിലെത്തിയിരുന്ന പതിനായിരം അതിഥിതൊഴിലാളികളുടെ പേരും ചിത്രവും വിവരവുമടക്കം പരിശോധിച്ച് സിസിടിവി കാമറ ദൃശ്യങ്ങളുമായി ഒത്തുനോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ അസമിലേക്കു മടങ്ങിയതായി കണ്ടെത്തി. തുടർന്നു പോലീസ് അസമിലേക്കു പോയി.അസമിലെ മോറിഗോണ്‍ എസ്പിയും മലയാളിയുമായ അപർണ നടരാജന്റെ സഹായവും പോലീസ് സംഘത്തിന് ലഭിച്ചു. ആളുകൾ തിങ്ങിപാർക്കുന്ന പ്രദേശത്താണു പ്രതി താമസിച്ചിരുന്നത്.
ഇവിടെയെത്തിയ പോലീസ് സംഘം പ്രതിയെ സാഹസികമായാണു പിടികൂടിയത്. ആദ്യ ലോക്ക്ഡൗണിന് മുന്‍പ് ഏറ്റുമാനൂരിലും പരിസര പ്രദേശങ്ങളിലും ഐസ് ലോറിയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു ആഷിഖ് ഉൾ ഇസ്ലാം.
ലോക്ക്ഡൗണ്‍ സമയത്ത് തിരികെ നാട്ടിലേക്കു പോയ ഇയാൾ രണ്ടാഴ്ച മുന്‍പ് ജോലി തേടി പെരുന്പാവൂരിലെത്തുകയായിരുന്നു. തുടർന്ന് ജോലിയൊന്നും ലഭിക്കാതെ വന്നതോടെ ഏറ്റുമാനൂരിലെത്തി മോഷണം നടത്തി തിരികെ മടങ്ങി. മോഷണം നടത്തിയ അഞ്ചു ലക്ഷം രൂപ വില വിരുന്ന മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
കഴിഞ്ഞ 12നു അർധരാത്രിയിലാണ് അഞ്ചു ലക്ഷം വിലവരുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. കടയുടെ പിൻഭാഗത്തെ ഭിത്തി തുരന്ന് മോഷണം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ടതോടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറി 16 മൊബൈൽ ഫോണുകൾ കവരുകയായിരുന്നു.
ഏറ്റുമാനൂർ എസ്ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ വി.എസ്. ഷിബുക്കുട്ടൻ, സിപിഒമാരായ പി.ജെ. സാബു, ഡെന്നീസ് സി. ജോയ്, സൈബർ സെൽ അംഗം ശ്യാം എസ്. നായർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.