കണ്ണൂർ: നിക്ഷാൻ ഇലക്ട്രോണിക്സിന്റെ ഗോഡൗണിൽ കയറി ആറ് മൊബൈൽ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ.
പശ്ചിമ ബംഗാൾ സ്വദേശി മുനവർ ഖാനെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും ഇന്നലെ വൈകുന്നേരത്തോടെ താവക്കരയിൽ വച്ച് അറസ്റ്റ് ചെയ്തത്.
നവംബർ 29 നായിരുന്നു സംഭവം. നിക്ഷാൻ ഇലക്ട്രോണിക്സിന്റെ ഗോഡൗണിന്റെ മുകളിൽ കയറി ഷീറ്റ് മാറ്റി ഉള്ളിൽ കയറി 6 മൊബൈൽ ഫോൺ കവരുകയായിരുന്നു.സംഭവത്തെ തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ പോലീസ് വലയിലാക്കുന്നത്. കൂടാതെ മൊബൈൽ ഫോണിന്റെ ഐഎംഇ ഐ നമ്പർ പിന്തുടർന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
ആറ് ഫോണുകളും ഇയാളുടെ കൈയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വർഷമായി ഇയാൾ കണ്ണൂരിൽ താമസിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐ നസീബ്, എസ്ഐ അജയൻ,മഹിജൻ, രജ്ഞിത്ത്, മിഥുൻ എന്നിവരും ഉണ്ടായിരുന്നു.