ഗാന്ധിനഗർ: മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിൽ വീണ്ടും മൊബൈൽ ഫോണ് മോഷണം. ശനിയാഴ്ച രാവിലെയാണ് രണ്ടാംനിലയിലെ ഗർഭിണികളുടെ വാർഡിൽ നിന്ന് രണ്ടു ഫോണുകൾ കാണാതായത്. ഒൻപതിനായിരം രൂപ വില വരുന്ന ഫോണുകളാണ് ആരോ മോഷ്ടിച്ചത്.
ഉറങ്ങാൻ കിടന്നപ്പോൾ തലയിണക്കടിയിൽ വച്ചിരുന്ന ഫോണ് ആണ് പുലർച്ചെ ആരോ തട്ടിയെടുത്തത്. പുലർച്ചെ ആയതിനാൽ സ്ത്രീകൾ ആണ് മോഷ്ടിച്ചതെന്ന് വ്യക്തം. കാരണം രാത്രി ഏഴരയ്ക്കു മുന്പായി വാർഡിൽ നിന്ന് പുരുഷൻമാരെ പുറത്തേക്ക് ഇറക്കും. രാത്രിയിൽ വാർഡിൽ പുരുഷൻമാർ ആരുമുണ്ടാവില്ല.
പിന്നീട് വൈകുന്നേരം നാലു മണിക്കേ പുരുഷൻമാർക്ക് വാർഡിൽ പ്രവേശിക്കാനാവു. മോഷണം നടന്നത് പുലർച്ചെ ആയതിനാൽ സ്ത്രീകളാവാനാണ് സാധ്യത കൂടുതൽ. അൻപത് വയസ് പ്രായമുള്ള ഒരു സ്ത്രീയെ സംശയമുള്ളതായി ചില രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ ഒരു സ്ത്രീ ഗർഭിണികളുടെ വാർഡിനോട് ചേർന്നുള്ള ഭാഗത്തു കിടക്കുന്ന രോഗിയോട് ഉൗണുമുറി ഏതാണെന്നു ചോദിച്ചു.
താഴെയാണന്നു പറഞ്ഞു ചൂണ്ടിക്കാട്ടി. എന്നാൽ അവർ ഉൗണു മുറിയിലേക്ക് പോകാതെ ഗർഭിണികളുടെ വാർഡിലെ ഒരു കട്ടിലിൽ കയറി തൊട്ടടുത്തു രോഗിയോട് സംസാരിക്കുന്നതാണ് പിന്നീട് കണ്ടത്. പിറ്റേന്ന് ഇവരെ കാണാനുമില്ല. അന്നു രാവിലെയാണ് രണ്ടു മൊബൈൽ ഫോണുകൾ കാണാതായത്. ഇരുനൂറോളം രോഗികളുടെ അവരുടെ കൂട്ടിരിപ്പുകാരും വാർഡിലുണ്ട്. വൈകുന്നേരമായാൽ സന്ദർശകരും ഉണ്ടാവും. ഇതിനിടെ മോഷ്ടാവ് ആരെന്ന് കണ്ടെത്തുക പ്രയാസം.