കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ ഒന്നരലക്ഷം രൂപയുടെ ഐഫോണും 3500 രൂപയും മോഷ്ടിച്ച പ്രതി പിടിയിൽ. പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്ന സമയത്താണ് പ്രതി മോഷണം നടത്തിയത്. കണ്ണൂര്‍ സ്വദേശി മുകേഷിനെയാണ് കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിക്ക് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോഴാണ് സംഭവം. പൂനെയിൽ നിന്നും കന്യാകുമാരിക്ക് വന്ന ട്രെയിനിൽ യുവതി ഉറങ്ങുന്ന തക്കം നോക്കിയാണ് ഇയാൾ മോഷണം നടത്തിയത്.
യുവതിയുടെ ബാഗിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. പിന്നീട് ചങ്ങനാശ്ശേരിയിൽ വെച്ച് ഉറക്കം എഴുന്നേറ്റ യുവതി ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്.
സ്വദേശമായ തിരുവനന്തപുരത്ത് എത്തിയ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം റെയിൽവെ പൊലീസ് പരാതി കോട്ടയം റെയിൽവേ പൊലീസിന് കൈമാറി. കോട്ടയത്തെ ഒരു സ്വകാര്യ മൊബൈൽ ഷോപ്പിൽ മോഷ്ടിച്ച ഐഫോൺ വിൽക്കാൻ എത്തിയപ്പോഴാണ് റെയിൽവേ പൊലീസ് ഇയാളെ പിടികൂടുന്നത്.