കൊച്ചി: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് മൊബൈൽഫോണ്‍ മോഷണം നടത്തിവന്നിരുന്ന പ്രതി സമാന രീതിയിൽ കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നു.
നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തു മൊബൈൽഫോണ്‍ മോഷണം നടത്തിവന്നിരുന്ന ആസാം സ്വദേശി ആബിദ് അലി (23) ആണ് സെൻട്രൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30 ന് ബ്രോഡ്വേയിൽനിന്ന് സെൻട്രൽ എസ്ഐ കെ.ജി. വിബിൻ കുമാറും സംഘവും ചേർന്നാണു പ്രതിയെ പിടികൂടിയത്.
പോലീസ് പട്രോളിംഗിനിടെ ബ്രോഡ്വേയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടികൂടുന്ന സമയത്ത് ഇയാളുടെ കൈയിൽ വിലകൂടിയ മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി നടത്തിയ മോഷണങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്.
മൊബൈൽ ഫോണുകളിൽ ഒന്ന് ഇടപ്പള്ളി പൂക്കാട്ടുപടി റോഡിലുള്ള റസ്റ്ററൻറിൽ ജോലിക്ക് ചേർന്നതിനു ശേഷം സ്റ്റാഫ് ക്വാർട്ടേഴ്സിൽനിന്നു മോഷ്ടിച്ചതും മറ്റു രണ്ടു ഫോണുകൾ പാലാരിവട്ടത്തെ ഹോട്ടലിൽ ജോലിക്കു കയറിയശേഷം ഇവിടുത്തെ സ്റ്റാഫ് ക്വാർട്ടേഴ്സിൽനിന്നു മോഷ്ടിച്ചതാണെന്നും കണ്ടെത്തി. മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിൽപ്പന നടത്തുന്നതിനുവേണ്ടിയാണ് പ്രതി ബ്രോഡ്വേയിൽ എത്തിയതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതിയിൽനിന്നും പിടിച്ചെടുത്ത ഫോണുകൾ ഉടമസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്.
പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണവും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനായി അസി. കമ്മീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണു പ്രതി പിടിയിലായത്. പ്രതി കൂടുതൽ മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് സെൻട്രൽ സിഐ എ. അനന്തലാൽ പറഞ്ഞു.