ചങ്ങനാശേരി: വീട്ടമ്മയെ ഫോണ് ചെയ്ത് ശല്യപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ അറസ്റ്റിനു സാധ്യത. നന്പർ ആദ്യം പ്രചരിപ്പിച്ചവനും കുടുംങ്ങും.ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കി.
ആലപ്പുഴ ഹരിപ്പാട് പാലാത്ര കോളനിയിൽ രതീഷ് (39), ഹരിപ്പാട് ആയാപറന്പ് കൈയ്യാലാത്ത് ഷാജി (46), നെടുംകുന്നം കണിയാപറന്പിൽ അനിക്കുട്ടൻ (29), പാലക്കാട് വടക്കാഞ്ചേരി കണ്ണന്പ്ര തോട്ടത്തിൽ നിശാന്ത് (34), തൃശൂർ കല്ലിടുക്ക് ചുമന്നമണ്ണ് കടുങ്ങാട്ടുപറന്പിൽ വിപിൻ (33) എന്നിവരെയാണ് ഇന്നലെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇത്തിത്താനം കുരിട്ടിമലയിൽ വാടക കെട്ടിടത്തിൽ തയ്യൽ സ്ഥാപനം നടത്തുന്ന വീട്ടമ്മയാണ് കഴിഞ്ഞ ഒന്പതു മാസമായി ദുരിതമനുഭവിച്ചത്.
ചേരമർ സംഘം മഹിളാ സംഘം മുൻ സംസ്ഥാന സെക്രട്ടറി ജെസി ദേവസ്യയുടെ ഫോണ് നന്പറാണ് വ്യക്തി വിരോധം തീർക്കാൻ ആരോ പൊതു സ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവെച്ചത്. എട്ടു മാസത്തോളമായി ഇവർ സാമൂഹിക വിരുദ്ധരുടെ ശല്യം സഹിക്കുകയായിരുന്നു.
പോലീസിൽ പരാതി നൽകിയെങ്കിലും മന്ദഗതിയിലായിരുന്ന അന്വേഷണം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടിയുണ്ടായത്.
കൊച്ചി റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്തയുടെ മേൽനോട്ടത്തിൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ, ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഡിഐജി ചങ്ങനാശേരിയിൽ നേരിട്ടെത്തി അന്വേഷണത്തിന്റെ സ്ഥിതി ഗതികൾ വിലയിരുത്തി.
ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിലേക്ക് വീട്ടമ്മയുടെ പരാതിയിൽ പറയുന്ന മൊബൈൽ നന്പറുകളുടെ ഉടമസ്ഥരെ വിളിച്ചു വരുത്തി. വിവിധ ജില്ലകളിൽ നിന്നുള്ള 44 പേരെ വിളിച്ചതിൽ 28 പേരാണ് എത്തിയത്.
ഇതിൽ നന്പർ മോശമായി പ്രചരിപ്പിച്ച പ്രതികളായ അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്.സാമൂഹ്യ വിരുദ്ധർ ഫോണ് നന്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാകുകയും ചെയ്ത വീട്ടമ്മ സാമൂഹിക മാധ്യമത്തിൽ കൂടി ദുരനുഭവം പങ്കുവച്ചത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു.
കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് മണിക്കൂറുകൾക്കുള്ളിൽ പോലീസ് സേന പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
വീട്ടമ്മയുടെ മൊബൈൽ നന്പർ ആദ്യം പ്രചരിപ്പിച്ചത് ആരെന്ന് ഇനി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സൈബർ സെൽ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.