കർണാടകയിൽ കോളജ് വിദ്യാർഥികളുടെ മൊബൈൽ ഫോണുകൾ ചുറ്റികയ്ക്ക് അടിച്ചുപൊട്ടിക്കുന്ന പ്രിൻസിപ്പൽ വൈറലാകുന്നു. സിർസിയിലെ ശാന്തിനഗർ എംഇഎസ് ചൈതന്യ പിയു കോളജ് പ്രിൻസിപ്പൽ ആർ.എം ഭട്ട് ആണ് വിദ്യാർഥികളുടെ ഫോണുകൾ തല്ലിപ്പൊട്ടിച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. കോളജിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണാതീതമായതോടെയാണ് പ്രിൻസിപ്പൽ കടുംകൈയ്ക്ക് മുതിർന്നത്.
ചൈതന്യ പിയു കോളജിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ വിദ്യാർഥികൾ അധികൃതരുടെ അപേക്ഷ ചെവിക്കൊള്ളാതെ നിർബാധം മൊബൈൽ ഫോൺ ഉപയോഗിച്ചുവരികയായിരുന്നു.
ഇതിനിടെ മൊബൈൽ ഫോൺ പിടിച്ചെടുത്താൽ നശിപ്പിക്കുമെന്ന് പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകി. ക്ലാസ് നടക്കുന്നതിനിടയിലും വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ പ്രിൻസിപ്പൽ നേരിട്ടിറങ്ങി.
വ്യാഴാഴ്ച നടന്ന മിന്നൽ പരിശോധനയിൽ 16 മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതോടെ കോളജ് ഹാളിൽ വിദ്യാർഥികൾ എത്തിച്ചേരാൻ പ്രിൻസിപ്പൽ നിർദേശം നൽകി. ഇവിടെവച്ച് വിദ്യാർഥികളുടെ മുന്നിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പ്രിൻസിപ്പൽ ഭട്ട് ചുറ്റികയ്ക്ക് അടിച്ചുപൊട്ടിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അധ്യാപകരിൽ ഒരാൾ പകർത്തി സമൂഹമാധ്യമത്തിൽ എത്തിച്ചതോടെ ഭട്ട് വൈറലായി.