കൊച്ചി: ഒഎല്‍എക്സില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കാനുള്ള പരസ്യം കണ്ട് ഫോണ്‍ വാങ്ങാനെത്തി കവര്‍ച്ച നടത്തിയ കേസില്‍ പ്രതി മുമ്പും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയ ആളെന്ന് പോലീസ്.
കേസുമായി ബന്ധപ്പെട്ട് ഒക്കല്‍ സ്രാമ്പിക്കല്വീട്ടില് ഹാദില്‍ ഷായാണ് (27) പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
കാക്കനാട് സ്വദേശിയുടെ കൈയില്‍നിന്ന് പാലാരിവട്ടം പൈപ്പ്ലൈന് ജംഗ്ഷനില്‍ വച്ച് 45,000 രൂപ വിലവരുന്ന ആപ്പിള്‍ ഐ ഫോണ്‍ തട്ടിപ്പറിച്ച് കാറില്‍ രക്ഷപ്പെടുകയായിരുന്നു.
തൃക്കാക്കര സ്വദേശിയുടെ കൈയില്‍നിന്ന് സമാനരീതിയില്‍ മൊബൈല്‍ കവര്‍ന്ന കേസിലെയും പ്രതിയാണ് ഇയാള്‍. ഹാദില്‍ ഇത്തരത്തില്‍ കൂടുതല്‍ കവര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇയാള്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പെരുമ്പാവൂര്‍ പോലീസ് ഹാദില്‍ ഷായ്ക്കെതിരേ കാപ്പപ്രകാരമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.