മൊബൈൽ ഫോൺ കോളിൽ വ്യാപൃതയായ യുവതി തന്റെ കുഞ്ഞിനെ പാർക്കിൽവച്ചു മറന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചു. അസാധാരണസംഭവത്തിൽ വൻ വിമർശനമാണ് അമ്മയ്ക്കു നേരിടേണ്ടിവന്നത്. “ഘർ കെ കലേഷ്’ എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ സാരി ധരിച്ച യുവതി മൊബൈൽ ഫോണിൽ സംസാരിച്ചു പാർക്കിൽനിന്നു പുറത്തേക്കുള്ള റോഡിലൂടെ നടന്നുനീങ്ങുന്നതാണു കാണുന്നത്. സംസാരത്തിൽ മുഴുകിയാണു യുവതിയുടെ നടപ്പ്.
തൊട്ടുപിന്നാലെ, കൈക്കുഞ്ഞിനെയുമെടുത്ത് ഒരാൾ യുവതിയോടു നിൽക്കാൻ ആവശ്യപ്പെട്ടു പിന്നാലെ വരുന്നതു കാണാം. മാഡം, നിങ്ങൾ സ്വന്തം കുഞ്ഞിനെ മറന്നു… എന്നു വിളിച്ചുപറഞ്ഞാണ് അയാൾ യുവതിയുടെ പിന്നാലെ വരുന്നത്.
തനിക്കു പറ്റിയ തെറ്റിൽ അസ്വസ്ഥയായ യുവതി തന്റെ കുഞ്ഞിനെ അയാളിൽനിന്നു വാങ്ങുകയും മാറോടു ചേർക്കുകയും ചെയ്യുന്നു. സംഭവത്തിനു ദൃക്സാക്ഷികളായി പാർക്കിന്റെ പ്രധാന ഗേറ്റിന്റെ മുന്നിൽ നിരവധിപ്പേർ നിൽക്കുന്നുണ്ടായിരുന്നു. എവിടെയാണു സംഭവം നടന്നതെന്നു വീഡിയോയിൽ ഇല്ല.