മൊബൈല്‍ഫോണ്‍ തട്ടിയെടുക്കാന്‍ സ്കൂട്ടറിലെത്തിയ സംഘം സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ ചര്‍ച്ചയാകുന്നു.
വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹി ഷാലിമാര്‍ ബാഗ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതിലാണ് പ്രചരിക്കുന്നത്.
അതിവേഗത്തില്‍ സ്കൂട്ടര്‍ വളവ് തിരിഞ്ഞെത്തുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്‍സീറ്റിലിരുന്നയാള്‍ ഒരാളെ പിടിച്ചിരിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം.
വളവ് തിരിഞ്ഞ് പ്രധാന റോഡിലെത്തിയപ്പോള്‍ ഇയാള്‍ കൈവിട്ടതോടെ സ്ത്രീ തലയടിച്ചു റോഡിന് നടുവില്‍ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
ചുറ്റുമുള്ള ആളുകള്‍ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് റോഡില്‍ വീണ സ്ത്രീയെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം.
റോഡിലൂടെ എത്തിയ വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വന്‍അപകടം ഒഴിവായി. 150 മീറ്ററോളം സ്ത്രീയെ വലിച്ചിഴച്ചെന്നാണ് റിപ്പോര്‍ട്ട്.
ഷാലിമാര്‍ ബാഗിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഇവരെ അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു.
ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ വീണ്ടും ഭീഷണിയിലാണെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.