കുറവിലങ്ങാട്: കൗമാരക്കാരായ വിദ്യാർത്ഥികളെ കഞ്ചാവ് മാഫിയ കണ്ണികളാക്കുന്നത് മൊബൈൽ ഫോണെന്ന വാഗ്ദാനത്തിൽ. സ്മാർട് ഫോണ് സ്വപ്നം കണ്ട് കഴിയുന്ന കുട്ടികളെ ഫോണും ചില്ലറ പണവും നൽകിയാണ് മാഫിയ വശത്താക്കുന്നത്.
കഴിഞ്ഞദിവസം ജില്ലയിലെ ഒരു സ്കൂളിൽ നിന്ന് സംഘമായി വീടുവിട്ടിറങ്ങിയ വിദ്യാർത്ഥികളിലൊരാൾക്ക് മൊബൈൽ ഫോണ് ലഭ്യമായ സാഹചര്യം സംബന്ധിച്ച അന്വേഷണങ്ങൾ നീളുന്നതും ശുഭകരമായ സാഹചര്യത്തിലെക്കല്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
കുറവിലങ്ങാട് സ്റ്റേഷൻ പരിധിയിലെ ചില സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ ഇടപാടുകൾ നടത്തുന്നതായി നേരത്തെ കേസുകളുള്ളതാണ്. ഇത്തരത്തിൽ നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള പോലീസിന് കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളടക്കം ലഭ്യമായിട്ടുണ്ട്.
പലപ്പോഴും സ്കൂളുകളുടെ പേരിനേയും വിദ്യാർത്ഥികളുടെ ഭാവിയേയും ബാധിക്കുമെന്ന ന്യായവാദങ്ങളിൽ നടപടികൾ പരസ്യപ്പെടുത്താതെ പോകുകയാണ്.
വീട്ടിൽ നിന്ന് വാങ്ങി നൽകിയില്ലെങ്കിലും ചില കൗമാരക്കാർ സ്വന്തമായി ഉയർന്ന നിലവാരത്തിലുള്ള ഫോണ് ഉപയോഗിക്കുന്നുവെന്നതാണ് സ്ഥിതി. ഇതിനെ ചോദ്യം ചെയ്യാനെ കൃത്യമായ ഉത്തരം ലഭിക്കാനെ മാതാപിതാക്കൾക്കോ അധ്യാപകർക്കോ കഴിയാതെ പോകുന്നതാണ് സ്ഥിതി.
വിദ്യാർത്ഥികളെ കണ്ണികളാക്കിയാൽ സമൂഹത്തിന്റെ സംശയം ഉയരില്ലെന്ന നിലപാടിലാണ് പലപ്പോഴും കഞ്ചാവ് മാഫിയ ഇവരെ ഇരകളാക്കുന്നത്.