കടുത്തുരുത്തി: മൊബൈലിൽ കുടുംബാംഗങ്ങളുടെ ഫോട്ടോയെടുത്തത് ചോദ്യം ചെയ്ത ഗൃഹനാഥനെ വീട്ടിൽ കയറി തലയ്ക്കടിച്ച് പരിക്കേൽപിച്ച കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂർ സ്വദേശി മനുവിനെ (20) ആണ് കടുത്തുരുത്തി എസ്ഐ ബി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഉൾപെട്ടിട്ടുള്ള മനുവിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ അഖിലിനായി പോലീസ് തിരച്ചിൽ ഉൗർജിതമാക്കി. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ, കഴിഞ്ഞ 21 ന് ഉച്ചയ്ക്ക് കോതനല്ലൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ.ജെ. മാത്യുവിന്റെ (തങ്കച്ചൻ-52) വീടിന് മുന്നിലെ മതിലിൽ കയറി വീടിനുള്ളിലേക്ക് ഫോക്കസ് ചെയ്ത് പ്രതികളായ മനുവും അഖിലും മൊബൈലിൽ ചിത്രങ്ങൾ പകർത്തി.
തന്റെ പെണ്മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ ഫോട്ടോയാണ് ഇവർ എടുത്തതെന്ന് കരുതി മാത്യു ഇവരെ ചോദ്യം ചെയ്തു. ഇതോടെ ഇവിടെ നിന്നും മുങ്ങിയ പ്രതികൾ രാത്രി ഏഴോടെ മാത്യുവിന്റെ വീട്ടിലെത്തി ബഹളം വച്ചു. ഈ സമയം വീടിന് വെളിയിലിറങ്ങിയ മാത്യുവിന്റെ തലയ്ക്ക് പ്രതികൾ കൈയ്യിൽ കരുതിയിരുന്ന ഹെൽമറ്റിന് അടിക്കുകയായിരുന്നു.
ആക്രമണത്തിൽ തലയ്ക്കു മുറിവേറ്റ മാത്യു മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് കേസെടുത്തതോടെ പ്രതികൾ ഒളിവിൽപോവുകയായിരുന്നു. കാണക്കാരിയിൽനിന്നും ഇന്നലെ ഉച്ചയോടെ പിടികൂടിയ ഒന്നാം പ്രതി മനുവിനെ കോടതിയിൽ ഹാജരാക്കി.