സ്മാർട്ട്ഫോണുകൾ കാൻസറിനു കാരണമാകുമോ? പലപ്പോഴും ചർച്ചകളിൽ ചൂടുപിടിച്ച ചോദ്യമാണ്. കടകളിൽ മൊബൈൽ ഫോൺ വാങ്ങാനെത്തുന്പോൾ പലരും ഇതേക്കുറിച്ച് ചോദിക്കാറുമുണ്ട്. മൊബൈൽ ഫോണുകൾ കാൻസറിന് കാരണമാകുമെന്ന് ഇതുവരെ ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ല.
പക്ഷേ മൊബൈൽ ഫോണുകൾ റേഡിയേഷൻ തരംഗങ്ങൾ പുറത്തുവിടുന്നുണ്ട്. മൊബൈൽ ഫോണുകൾ മാത്രമല്ല, എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ചെറിയ അളവിൽ ശരീരത്തിന് ഹാനികരമല്ലാത്ത റേഡിയേഷൻ പുറന്തള്ളുന്നുണ്ട്. പിന്നെ എങ്ങനെയാണ് മൊബൈൽ ഫോൺ മാത്രം വില്ലനായത്. ഉത്തരവും ലളിതമാണ്. ഏറ്റവുമധികം നമ്മൾ ശരീരത്തോട് ചേർത്തു വയ്ക്കുന്നതും ഉപയോഗിക്കുന്നതും മൊബൈൽ ഫോണാണ്.
എസ്എആർ
മൊബൈൽ ഫോണുകളിൽനിന്ന് അവ ഉപയോഗിക്കുന്പോൾ ഉണ്ടാവുന്ന റേഡിയേഷൻ കാൻസറിന് കാരമാകുമെന്നാണ് ഭീഷണി. ഈ റേഡിയേഷൻ ജീവകോശങ്ങൾ എത്രത്തോളം വികിരണോർജം വലിച്ചെടുക്കും എന്നതുമായി ബന്ധപ്പെഭ് ഒരു അന്തർദേശീയ ഏകകം നിലവിലുണ്ട്. “സ്പെസിഫിക് എനർജി അബ്സോർപ്ഷൻ റേറ്റ്’ (Specific absorption rate-SAR)എന്നാണ് ഇതിന്റെ പേര്.
ഇന്ത്യയിൽ എസ്എആർ 1.6W/kg ആണ്. ഈ നിരക്ക് ഏറ്റവും സുരക്ഷിതമാണ്. നിങ്ങളുടെ ഫോണിന്റെ എസ്്എആർ 1.2, 0.5, 0.6W/kg എന്നീ അളവിലാണെങ്കിലും പേടിക്കേണ്ട. ഇതും വളരെ സുരക്ഷിതമാണ്. ഇപ്പോഴുള്ള ഫോണുകളുടെ എസ്എആർ റേറ്റ് 0.5,0.6W/kg നിരക്കിലാണ്.
സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം
ശരീരത്തിൽനിന്ന് പരമാവധി അകലത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക. വസ്ത്രങ്ങളുടെ ഉള്ളിൽ മൊബൈൽ കഴിവതും സൂക്ഷിക്കാതിരിക്കുക. സംസാരിക്കുന്പോൾ സാധ്യമാകുമെങ്കിൽ തലയിൽനിന്നു രണ്ടുമുതൽ അഞ്ച് ഇഞ്ചുവരെ ഹാൻഡ്സെറ്റ് മാറ്റിപ്പിടിക്കുക അല്ലെങ്കിൽ ലൗഡ്സ്പീക്കർ ഇട്ടോ ഹെഡ്സെറ്റ് ഉപയോഗിച്ചോ സംസാരിക്കുക. ഹെഡ്സെറ്റ് ഉപയോഗിക്കുകയാണെങ്കിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റാണ് നല്ലത്. സാധാരണ ഹെഡ്സെറ്റ് ഒരു ആന്റിനപോലെ പ്രവർത്തിക്കാൻ സാധ്യതയുണ്ട്.
ഉറങ്ങുന്പോൾ സെൽഫോണ് തലയ്ക്കടുത്ത് വയ്ക്കരുത്
മൊബൈലിൽ അലാം സെറ്റ് ചെയ്തിരിക്കുന്നതിനാൽ മാറ്റിവയ്ക്കാൻ സാധിക്കില്ലെന്ന ന്യായമാണ് പലരും പറയുക. ഒന്നുകിൽ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കുക അല്ലെങ്കിൽ തലയിൽനിന്നു രണ്ടു മീറ്റർ അകലത്തിൽ വയ്ക്കുക. നല്ല റേഞ്ചുള്ളിടത്തുമാത്രം മൊബൈൽ ഫോൺ ഉപയോഗിക്കുക.
ടവറിൽനിന്ന് അകലെയാവുന്തോറും എസ് എ ആർ നിരക്ക് കൂടുതലായി ഉയരുകയും ചെയ്യും. ടവറുമായി ബന്ധംസ്ഥാപിക്കാൻ മൊബൈൽഫോൺ കൂടുതലായി ഉൗർജം ഉപയോഗിക്കുന്നതാണ് കാരണം.
മൊബൈൽ ഫോണിന്റെ റേഡിയേഷൻ സംബന്ധിച്ച പഠനങ്ങൾ പലതും അപൂർണമാണ്. മൊബൈൽ ഫോണുകളും കന്പനികളും സാഹചര്യങ്ങളും ഒാരോ സ്ഥലത്തും വ്യത്യസ്തമാണ്. അതിനാൽ തന്നെ ഫലവും പൂർണമല്ല. എസ്എആർ കുറവുള്ള ഫോണുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.
എസ്എആർ എങ്ങനെ പരിശോധിക്കാം
മൊബൈലിന്റെ എസ്എആർ ഒാരോരുത്തർക്കും സ്വയം പരിശോധിക്കാം. ഇതിനായി ഫോണിൽ *#07# എന്ന് ഡയൽ ചെയ്താൽ മതി. തുടർന്നു വരുന്ന നോട്ടിഫിക്കേഷനിൽ എസ്എആർ വാല്യുവും ചിലപ്പോൾ അതാത് രാജ്യത്തെ അനുവദനീയമായ എസ്ആർഎ വാല്യുവും കാണിക്കും.
സോനു തോമസ്