ജയ്പൂർ: മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്തതിനെ തുടർന്ന് ഫോണ് വിളിക്കാൻ കേന്ദ്രമന്ത്രി മരത്തിൽ കയറി. കേന്ദ്രധനകാര്യ സഹമന്ത്രി അർജുൻ റാം മേഘവാളിനാണ് ഈ ഗതികേടുണ്ടായത്. തന്റെ മണ്ഡലമായ രാജസ്ഥാനിലെ ബിക്കാനീറിലെ ധോലിയ ഗ്രാമത്തിൽവച്ചാണ് സംഭവമുണ്ടായത്.
ഗ്രാമത്തിലെ തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ പോലും ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് മന്ത്രിയോട് നാട്ടുകാർ പരാതിപ്പെട്ടു. ഇതേ തുടർന്ന് പരിഹാരത്തിനായി ഇവിടെ വച്ചു തന്നെ മന്ത്രി ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചു. എന്നാൽ നെറ്റ്വർക്ക് കവറേജില്ലാത്തതിനാൽ അദ്ദേഹത്തിനു ഫോണ് വിളിക്കാൻ സാധിച്ചില്ല. തുടർന്ന് ഏണി മരത്തിൽ ചാരി കയറിയാണ് അദ്ദേഹം ഫോണ് വിളിച്ചത്.
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് അറിയിച്ച ശേഷമാണ് മന്ത്രി ഗ്രാമം വിട്ടത്. ഏതായാലും മന്ത്രിയുടെ മരത്തിൽ കയറിയുള്ള ഫോണ് വിളി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.