കോട്ടയം: ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ മൊബൈൽ – ഐടി ഉപകരണങ്ങളുടെ അംഗീകൃത റിപ്പയറിംഗ്് തൊഴിലാളികൾക്ക് സാന്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ മൊബൈൽ – കംപ്യൂട്ടർ കന്പനികളുടെ വിൽപ്പനാനന്തര റിപ്പയറിംഗ് സേവനങ്ങൾ നൽകുന്നവരുടെ സംഘടനയായ എഎസ്സി അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
കേരളത്തിലെ മൊബൈൽ-ഐടി ഉപകരണങ്ങളുടെ റിപ്പയറിംഗുമായി ബന്ധപ്പെട്ട് ഏകദേശം 2500 തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഓരോ സർവീസ് സെന്ററിലും മൂന്നു മുതൽ 10 വരെ തൊഴിലാളികളുണ്ട്. ലോക്ഡൗണ്‍ മൂലം ഈ തൊഴിലാളികളുടെ വരുമാനം നിലച്ചിരിക്കുകയാണ്.
ഈ പ്രതിസന്ധിഘട്ടത്തിൽ മറ്റ് തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് സർക്കാർ സാന്പത്തിക സഹായങ്ങൾ നൽകുന്പോൾ മൊബൈൽ-ഐടി ഉപകരണങ്ങളുടെ റിപ്പയറിംഗ് മേഖലയിലെ തൊഴിലാളികളെ കൂടി പരിഗണിക്കണമെന്നും മൊബൈൽ റിപ്പയറിംഗ് അവശ്യ സർവീസിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാന പ്രസിഡന്റ് അനു രമേശ്, സെക്രട്ടറി ശ്രീരഥ് രാധാകൃഷ്ണൻ എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.