രസകരമായ സംഭവം നടക്കുന്നത് അങ്ങു യുഎസിലെ മിഷിഗണിലുള്ള ഒരു ഐഫോൺ സർവീസ് സെന്ററിൽ. സാധാരണ ആളുകൾ എത്തിച്ചേരുന്ന സമയത്തിനു വളരെ മുന്പുതന്നെ ദന്പതികൾ എന്നു തോന്നിക്കുന്ന രണ്ടുപേർ ഫോൺ സർവീസ് സെന്ററിലെത്തി.
അവരുടെ ഒരു ഐഫോൺ ഓണാകുന്നില്ലെന്നും അതു സർവീസ് ചെയ്യാനാണ് വന്നതെന്നും ദന്പതികൾ അറിയിച്ചു. ടെക്നീഷൻ ആ ഫോൺ വാങ്ങി അതിന്റെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കി.
ഫോൺ നന്നാക്കാൻ കുറച്ചു താമസം എടുക്കുമെന്നു പറഞ്ഞതോടെ ദന്പതികളിൽ ഭാര്യയുടെ മുഖം അല്പം മ്ലാനമായി. തുടർന്നു ഫോൺ നന്നാക്കിവച്ചേക്കൂ എന്നു പറഞ്ഞ് ഇരുവരും മടങ്ങി.
ഫോണിനുള്ളിലെ ട്വിസ്റ്റ്!
പ്രത്യക്ഷത്തിൽ കാര്യമായ തകരാറുകളൊന്നും കാണാത്ത ഫോൺ ടെക്നീഷൻ പതിയെ തുറന്നു നോക്കി. ഫോൺ കവറിന്റെ അകത്ത് എന്തോ ഇരിക്കുന്നു. അദ്ദേഹം അതു പുറത്തേക്ക് എടുത്തു. 100 ഡോളറും അതിനൊപ്പം ഒരു കുറിപ്പും.
അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു- “”ഫോൺ ശരിയാക്കാൻ കഴിയാത്തതാണെന്ന് എന്റെ ഭാര്യയോടു പറയുക. അവൾക്ക് എന്റെ ഫോണിന്റെ കോൾ ഹിസ്റ്ററി പരിശോധിക്കണം. ഈ 100 ഡോളർ നിങ്ങൾക്കുള്ളതാണ്, നന്ദി.”
സംഗതി അതു തന്നെ
കുറിപ്പ് വായിച്ചതോടെ ടെക്നീഷൻ ആദ്യം അന്പരന്നു. പിന്നെ കാര്യം മനസിലായി. ഭർത്താവിന്റെ ഏതോ അവഹിത ബന്ധത്തെക്കുറിച്ചു ഭാര്യയ്ക്കു സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.
അതു കൈയോടെ പിടിക്കുമെന്ന് ആയപ്പോ ഭർത്താവ് ഭാര്യ അറിയാതെ ഫോൺ കേടാക്കി. എന്നാൽ, ഫോൺ നന്നാക്കണമെന്ന ഭാര്യയുടെ നിർബന്ധം കാരണം എത്തിയതാണ് കക്ഷി.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഫോൺ കവറിനുള്ളിൽ കണ്ടെത്തിയ കുറിപ്പ് എന്തു ചെയ്യണമെന്നറിയാതെ ടെക്നീഷൻ ആകെ ആശയക്കുഴപ്പത്തിലായി.
ഒടുവിൽ ദന്പതികൾ ആരാണെന്നു വെളിപ്പെടുത്താതെ ഒരു ടിക് ടോക്ക് വീഡിയോ തയാറാക്കി സമൂഹ മാധ്യമത്തിൽ അയാൾ പോസ്റ്റ് ചെയ്തു.
രസകരമായ ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തരംഗമായി. 20 ലക്ഷത്തിലധികം ആളുകളാണ് ഇതു കണ്ടത്. താഴെ കമന്റുകളുടെ പ്രവാഹം.
“ആ 100 ഡോളർ താങ്കൾ എടുത്തിട്ട് അവരുടെ ദാന്പത്യം സംരക്ഷിക്കുക, പണം എടുത്തിട്ട് ആ സ്ത്രീയോട് കാര്യങ്ങൾ തുറന്നു പറയുക, ഫോൺ റിപ്പയർ ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞ് തിരികെ നൽകുക… എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ടെക്നീഷന്റെ തീരുമാനം
ദിവസങ്ങൾ നീണ്ട ആലോചനകൾക്കൊടുവിൽ ടെക്നീഷൻ ഒരു തീരുമാനമെടുത്തു. ഭാര്യയെ വഞ്ചിക്കുന്ന ഭർത്താവിന് ഒപ്പം നിൽക്കാതെ കാര്യങ്ങൾ ആ സ്ത്രീയോടു തുറന്നു പറയുക. ടെക്നീഷൻ വിചാരിച്ചപോലെ ഫോൺ വാങ്ങാൻ ആദ്യം എത്തിയത് ആ സ്ത്രീയായിരുന്നു. അയാൾ നടന്ന കാര്യങ്ങൾ അവരോടു വിശദമായി പറഞ്ഞു.
താൻ ഉള്ള കാര്യം പറഞ്ഞെന്നേയുള്ളൂ, നിങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ എന്നെ വലിച്ചിഴയ്ക്കരുതെന്നും ടെക്നീഷൻ കൂട്ടിച്ചേർത്തു. എന്നാൽ, സംഭവം അറിഞ്ഞതോടെ പ്രകോപിതയായ സ്ത്രീ തന്നെ വഞ്ചിച്ച പൊട്ടിത്തെറിച്ചു:
അയാൾ വിചാരിക്കുന്നു രാജാവാണെന്ന്. ഫോൺ ശരിയാക്കാതിരിക്കാൻ അയാൾ വാഗ്ദാനം ചെയ്തത് 100 ഡോളറാണെങ്കിൽ ഫോൺ ശരിയാക്കിത്തന്നാൽ 200 ഡോളർ താൻ നൽകാമെന്നും ഭാര്യ പറഞ്ഞു.
ടെക്നീഷൻ പറഞ്ഞു-“”ഞാൻ നിങ്ങൾക്കായി ഇതു പരിഹരിക്കും.
നിങ്ങൾ സത്യം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.”- അയാൾ ഫോൺ റിപ്പയർ ചെയ്തു നൽകി അവരെ പറഞ്ഞയച്ചു.
ഭർത്താവിന്റെ രംഗപ്രവേശം!
ഭാര്യ പോയി കുറച്ചുസമയം കഴിഞ്ഞപ്പോൾ ഫോൺ വാങ്ങാനായി ഭർത്താവ് സർവീസ് സെന്ററിൽ എത്തിച്ചേർന്നു. ഫോൺ എവിടെ എന്ന് അയാൾ അന്വേഷിച്ചു. ഫോൺ റിപ്പയർ ചെയ് ഭാര്യയുടെ കൈയിൽ കൊടുത്തതായി ടെക്നീഷ്യൻ പറഞ്ഞു.
ഇത് കേട്ടയുടൻ ഭർത്താവ് കോപാകുലനായി. എന്തുകൊണ്ട് ആ കുറിപ്പിൽ പറഞ്ഞതുപോലെ ചെയ്തില്ല എന്ന് ടെക്നീഷനോട് ചോദിച്ചു. “എനിക്ക് നിന്നെ അറിയാം, അവൾക്ക് നിന്നെ അറിയില്ല. ഞാൻ നിനക്കു പണവും തന്നു. എന്നിട്ടും എന്നോട് എന്തിനിതു ചെയ്തെന്നായിരുന്നു ഭർത്താവിന്റെ ചോദ്യം.
“എനിക്ക് അതു ചെയ്യാൻ കഴിയില്ല സഹോദരാ- ടെക്നീഷൻ മറുപടി പറഞ്ഞു. ഇതോടെ, കലികയറി ഭർത്താവ് സർവീസ് സെന്ററിന്റെ മുന്നിൽ വച്ചിരുന്ന പ്ലാസ്റ്റിക് കവചം എടുത്തു ടെക്നീഷ്യനു നേരേ വലിച്ചെറിഞ്ഞിട്ടു പുറത്തക്കുപോയി. പിന്നെ എന്തു സംഭവിച്ചിരിക്കാമെന്നത് ഊഹിക്കുക..!