അടൂർ: ഓൺലൈൻ മാർക്കറ്റിംഗ് വഴി കഴിഞ്ഞ മാർച്ചിൽ വാങ്ങിയ മൊബൈൽ ഫോൺ തകരാറായതിനെ തുടർന്ന് സർവീസ് സെന്റർ ഉടമ കൂടുതൽ വാങ്ങിയ തുകയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാരഫോറം ഉത്തരവായി. അടൂർ മണ്ണടി സ്വദേശിയും അധ്യാപകനും പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകനുമായ അവിനാഷ് പള്ളീനഴികത്ത് കൊല്ലം ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ നൽകിയ പരാതിയിലാണ് വിധി.
കൊല്ലം വടയാറ്റുകോട്ടയിലെ റെഡ്മി അംഗീകൃത സർവീസ് സെന്ററായ ജി-സെൽ എന്ന സ്ഥാപനത്തിൽ കേടുപാടുകൾ തീർക്കാൻ നൽകിയ ഫോണിനാണ് അധികചാർജ് ഈടാക്കിയതായി പരാതി ഉണ്ടായത്. മൂന്ന് മാസം കൂടി കന്പനി നൽകുന്ന വാറണ്ടി പരിരക്ഷ ഫോണിന് ഉണ്ടായിരുന്നിട്ടും കേടുപാട് തീർക്കാൻ 3686രൂപ ആവശ്യപ്പെടുകയും ഫോൺ പരിശോധന നടത്തിയതിന് 118 രൂപ അനധികൃതമായി വാങ്ങി.
ഇത് ചോദ്യം ചെയ്ത ഉപഭോക്താവിനെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെ കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടും കടയുടമ സ്റ്റേഷനിൽ ഹാജരാകാത്തതിനെ തുടർന്ന് കൊല്ലം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഫോണിന്റെ തകരാർ പരിഹരിച്ച് ഉപഭോക്താവിന് ഉണ്ടായ മാനസികവ്യഥയ്ക്ക് നഷ്ടപരിഹാരമായി 5000 രൂപയും ഫോൺ പരിശോധിച്ചതിനെന്ന പേരിൽ വാങ്ങിയ 118 രൂപയും തിരികെ നൽകണമെന്നും അല്ലാത്തപക്ഷം ഫോണിന്റെ വിലയായ 7999 രൂപയും കോടതി ചെലവായി 2000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും 12 ശതമാനം പലിശനിരക്കിൽ സർവീസ് സെന്റർ ഉടമയിൽ നിന്ന് ഈടാക്കാനും വധിച്ചു.
ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡന്റ് ഇ. എം മുഹമ്മദ് ഇബ്രാഹിമും ഫോറം അംഗം എസ്. സന്ധ്യാറാണിയും അടങ്ങുന്ന ബെഞ്ചാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.