ആലുവ: സ്കൂൾ വിദ്യാർഥികളെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച കേസിൽ ഒളിവിൽ പോയ മുൻ സ്കൂൾ പിടിഎ പ്രസിഡന്റ്് ഉടൻ കീഴടങ്ങുമെന്ന് സൂചന. കിഴക്കേ കടുങ്ങല്ലൂർ സ്വദേശി അജിത്ത് (55) ആണ് ഒളിവിൽ പോയത്.
പോക്സോ കോടതി, ജില്ലാ കോടതി എന്നീ കോടതികളെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യഹർജി തള്ളിയതിനെത്തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആലുവ മേഖലയിലെ ഒരു ഗവ ഹൈസ്കൂളിലെ മൂന്ന് വിദ്യാർഥികളാണ് പരാതിക്കാർ. രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്.
നാല് വർഷം മുന്‍പ് ഇതേ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ പിടിഎ പ്രസിഡന്റായിരുന്നു പ്രതി. ആ പരിചയത്തിൽ വിദ്യാർഥികൾ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്പോൾ പ്രതി മൊബൈൽ ഫോണ്‍ കുട്ടികൾക്ക് കൈമാറി. ഓഫ് ആയ ഫോണ്‍ ഓണാക്കുന്നതിനാണ് നൽകിയത്.
വിദ്യാർഥികൾ ഓണ്‍ ചെയ്തപ്പോൾ അശ്ലീല വീഡിയോയാണ് തെളിഞ്ഞത്. ‘നിങ്ങൾ പത്താം ക്ലാസുകാരല്ലേ അതു കണ്ടതുകൊണ്ട് കുഴപ്പമില്ല’ എന്ന് പറഞ്ഞ് പിന്നെയും കാണുന്നതിന് പ്രതി കുട്ടികളെ പ്രേരിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്.
സ്കൂളിൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ ബോധവത്കരണ ക്ലാസിനിടയിലാണ് വിദ്യാർഥികൾ സംഭവം വിവരിച്ചത്. ബിനാനിപുരം പോലീസ് കേസെടുത്തതിനെത്തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു.