പുതുക്കാട്: സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മൊബൈൽ ഫോണ് ഉപയോഗം കർശനമായി വിലക്കികൊണ്ടുള്ള സർക്കാർ വിജ്ഞാപനം പാലിക്കപ്പെടുന്നില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ പ്രവർത്തകർ ആരോപിച്ചു.വിദ്യാർഥികൾ കൂടാതെ അധ്യാപകരും അനധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോണ് ഉപയോഗിക്കാൻ പാടില്ലന്ന് 2010-ൽ സർക്കാർ സർക്കുലറും 2016-ലെ വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറും നിലവിലുണ്ട്.
കൂടാതെ വിദ്യാർഥികൾ സ്കൂളുകളിൽ മൊബൈൽ ഫോണ് കൊണ്ടുവരാൻ പാടില്ലെന്നും, അധ്യാപകർ ഫോണ് ഉപയോഗിക്കുന്നത് സ്റ്റാഫ് മുറികളിൽ മാത്രമായി പരിമിതപെടുത്തണമെന്നും നിർദേശമുണ്ട്.ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഫോണ് കണ്ടുകെട്ടി ലേലം വിളിച്ച് പിടിഎ ഫണ്ടിലേക്ക് മുതൽക്കൂട്ടാക്കാവുന്നതാണെന്നും നിർദേശിച്ചിരുന്നു.
ഇത് കണ്ടെത്തുന്നതിനായി സ്ഥാപന മേധാവികളെ ഉൾപ്പെടുത്തിയുള്ള എത്തിക്സ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കർശന നിർദേശം ഉണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൊബൈൽ ഫോണ് ഉപയോഗം കർശനമായി വിലക്കുന്നതിന് പൊതുപ്രവർത്തകനായ സുരേഷ് ചെമ്മനാടൻ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീക്ഷനും പരാതി നൽകിയതായും പ്രവർത്തകർ അറിയിച്ചു.
സംഘടനാ ഭാരവാഹികളായ സുകുമാരൻ പാലപ്പിള്ളി, സുരേഷ് ചെമ്മനാടൻ, ഷിഹാബ് പെരുവാംകുഴിയിൽ, സുബീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.