കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം മേഖലകളിൽ സർവീസ് നടത്തുന്ന ബസുകളിലെ ഡ്രൈവർമാരിൽ ചിലർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നെന്ന പരാതികൾ വ്യാപകമാകുന്നു. യാത്രക്കാർ ഭയന്നുവിറച്ച് ബസിലിരിക്കുന്പോൾ ഫ്രീക്കൻമാരുടെ സ്റ്റൈലിൽ സർക്കസു കാണിക്കുന്ന ഡ്രൈവർമാരുടെ എണ്ണം വർധിക്കുകയാണ്. ഒറ്റക്കൈകൊണ്ടു സ്റ്റിയറിംഗ് പിടിച്ചു മറുകൈ കൊണ്ടു ഫോണിൽ സംസാരിച്ചു ചിരിച്ചുകുഴഞ്ഞു വാഹനം ഓടിക്കുന്ന ഡ്രൈവർമാർ മത്സരയോട്ടത്തിലും പിന്നിലല്ല.
വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പ്രണയവും രാഷ്ട്രീയമെല്ലാം സംസാരിക്കാനുള്ള വേദിയായി ഡ്രൈവിംഗ് സമയം ഇവർ മാറ്റിവയ്ക്കുന്നു. മണിക്കൂറുകൾ ഇത്തരത്തിൽ സംസാരിക്കുന്ന ഡ്രൈവർമാരുമായി യാത്രക്കാരുടെ വാക്കുതർക്കവും ഏറിവരികയാണ്. സ്കൂൾ സമയങ്ങളിലാ ഡ്രൈവറിന്റെ കേമത്തങ്ങളുടെ പ്രദർശനം കൂടുതൽ. ഇവർ നിരോധിത പുകയില ഉത്പന്നങ്ങൾ അടക്കമുള്ള ലഹരി ഉത്പന്നങ്ങളും ഉപയോഗിക്കുന്നതായി യാത്രക്കാർ പറയുന്നു.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴയിൽനിന്ന് കോതമംഗലത്തേക്ക് പുറപ്പെട്ട ഒരു സ്വകാര്യ ബസിലെ ഡ്രൈവറുടെ മൊബൈൽ ഫോണ് ഉപയോഗം യാത്രക്കാരെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. കറുകടം പിന്നിട്ടപ്പോൾ മുതൽ വലതു കൈയിൽ മൊബൈൽ ഫോണ് പിടിച്ച് സംസാരം ആരംഭിച്ച ഡ്രൈവർ പിന്നീട് മാതിരപ്പിള്ളിയിലും തുടർന്നുള്ള സ്റ്റോപ്പുകളിലും വാഹനം നിർത്തിയത് ഒറ്റകൈയിൽ ഡ്രൈവ് ചെയ്താണ്.
മിനിറ്റുകളുടെ വ്യത്യാസത്തിൽ മുന്നിലും പിന്നിലും ഓടുന്ന ബസുകളുടെ മത്സരയോട്ടത്തിനിടയിലാണ് ഈ പരാക്രമം. റോഡിന്റെ വശങ്ങളിലുള്ള സ്ഥാപനങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവ വ്യക്തമാകുമെന്നും യാത്രക്കാർ പറയുന്നു. ദിവസങ്ങൾക്കു മുൻപ് പോത്താനിക്കാട് ബസ്സ്റ്റാൻഡിൽനിന്ന് കോതമംഗലത്തേക്കു പുറപ്പെട്ട ഒരു ബസിലും സമാന സംഭവം ഉണ്ടായി.
കോതമംഗലം നഗരത്തിലും, വളവുകളും തിരിവുകളും നിറഞ്ഞ ഹൈറേഞ്ച് റൂട്ടിലും, തിരക്കേറിയ പെരുന്പാവൂർ റോഡിലും, മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലും ഉൾപ്പെടെ പലയാത്രകളിലും സമാന സംഭവങ്ങൾ ശ്രദ്ധയിൽപ്പെടാറുള്ളതായി പല യാത്രക്കാരും പരാതിപറയുന്നു. പോലിസും മോട്ടോർ വാഹന വകുപ്പും ഇവർക്കെതിരേ ശക്തമായ പരിശോധനയും നിയമ നടപടിയും സ്വീകരിച്ചില്ലെങ്കിൽ ഇത്തരം പ്രവണത വർധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.