മാസ്ച്യുസെറ്റ്സ്: റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തുടർച്ചയായി ടെക്സ്റ്റിംഗ് നടത്തിയിരുന്ന മകനോട്, നിർത്താൻ ആവശ്യപ്പെട്ട പിതാവിനെ മകൻ ഇടിച്ചുവീഴ്ത്തി.
കേപ്കോഡ് റസ്റ്ററന്റിലായിരുന്നു സംഭവം. ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പിതാവിന്റെ ഉപദേശം ഇഷ്ടപ്പെടാതിരുന്ന മകൻ പുറത്തിറങ്ങിയ ഉടനെ പിതാവിനെ മുഷ്ടി ചുരുട്ടി ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ നിലത്തുവീണ പിതാവിനെ ഗുരുതരമായ പരിക്കുകളോടെ സമീപത്തുണ്ടായിരുന്ന അഗ്നിശമന സേനാംഗമാണ് ആശുപത്രിയിൽ എത്തിച്ചത്. തക്കസമയത്ത് ചികിത്സ ലഭിച്ചതിനാൽ അറുപത്തിമൂന്നുകാരനായ പിതാവ് രക്ഷപ്പെട്ടു. സംഭവത്തിൽ കൗമാര പ്രായക്കാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് 40 ഡോളർ ജാമ്യത്തിൽ മാതാവിനൊപ്പം പറഞ്ഞയച്ചു.
60 വയസിനു മുകളിലുള്ളവരെ പരുക്കേൽപ്പിച്ചാൽ ചുമത്താവുന്ന വകുപ്പുകൾ അനുസരിച്ച് മകന്റെ പേരിൽ കേസെടുത്തതായി യർമൗത്ത് പോലീസ് വക്താവ് അറിയിച്ചു. ഫെബ്രുവരി 27 നാണ് പോലീസ് സംഭവം പുറത്തു വിട്ടത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ