കോട്ടയം: മൊബൈൽ ഫോണിലെ തട്ടിപ്പ് സന്ദേശങ്ങളിൽ കുടുങ്ങി പലരുടെയും ലക്ഷങ്ങൾ നഷ്ടമായി. ഓണ്‍ലൈൻ നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് ആറു ലക്ഷം രൂപ കിട്ടിയിരിക്കുന്നു. പ്രോസസിംഗ് തുകയായി ആറായിരം നൽകുക. ഒരാഴ്ചയ്ക്കുള്ളിൽ ആറു ലക്ഷം രൂപ അക്കൗണ്ടിലെത്തും. ഇതാണ് ഫോണിലെത്തിയ സന്ദേശം. ഇത് വിശ്വസിച്ചവർക്കാണ് പണം നഷ്ടമായത്.
പൊൻകുന്നത്ത് സ്വകാര്യകോളജിൽ സഹപാഠികളായ രണ്ട് വിദ്യാർഥികൾക്കും കഞ്ഞിക്കുഴിയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനും കോടിമതയിൽ സ്പെയർ പാർട്സ് കടയിലെ ഒരു ജീവനക്കാരനും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടു. നിരവധി പേർ സന്ദേശം വിശ്വസിച്ച് പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായാണ് സൂചന.
കബളിപ്പിക്കപ്പെട്ടവർ മാനക്കേടോർത്ത് പരാതിപ്പെടാൻ തുനിയുന്നുമില്ല. ചെറിയ തുകയാണല്ലോ നഷ്ടപ്പെട്ടത് എന്ന സമാധാനത്തിൽ പരാതിയുമായി നടക്കാനില്ലെന്നാണ് കൂടുതൽ പേരും ചിന്തിക്കുന്നത്. പൊൻകുന്നം, കഞ്ഞിക്കുഴി, സ്വദേശികൾക്ക് ആറായിരം രൂപ വീതമാണ് നഷ്ടപ്പെട്ടത്. ആറായിരം രൂപ അടച്ചാൽ പിന്നീട് കുടുതൽ തുക ചോദിച്ച് സന്ദേശം വരും. കോടിമത സ്വദേശി തുടർ സന്ദേശം പ്രകാരം നികുതിയുനത്തിൽ 25,000 രൂപ കൂടി അടച്ചു. പിന്നീട് സന്ദേശവുമില്ല. മെസേജ് അയച്ചവരെ ബന്ധപ്പെടാനാവുന്നുമില്ല.
ഫോണ്‍ നന്പരുകൾ നറുക്കിട്ടപ്പോൾ ഭാഗ്യശാലിയായി. ഏറ്റവുമധികം ഇന്റർനെറ്റ് ഉപയോഗിച്ചവരിൽനിന്ന് നറുക്കിട്ട് വിജയായി. ഓണ്‍ലൈൻ ഷോപ്പിംഗ് നടത്തിയവരിൽനിന്ന് നറുക്കിട്ട് വിജയിയായി എന്നിങ്ങനെ വിവിധ രീതിയിലുള്ള മെസേജുകളാണ് എത്തുന്നത്. പ്രോസസിംഗ് ചാർജും ടാക്സും കുറച്ച് സമ്മാനത്തുക നൽകിയാൽ മതി എന്ന് മറുപടി നൽകുന്ന തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടിവരുന്നു.
സന്ദേശങ്ങളിലൂടെ ക്വിസ് മത്സരം നടത്തി പണം ചോർത്തുന്ന സംഘങ്ങളുമുണ്ട്. എട്ടു രൂപവരെ മെസേജ് തുക ഈടാക്കും. ശരിയുത്തരങ്ങൾ അയച്ചാൽ വീണ്ടും ചോദ്യങ്ങൾ കിട്ടിക്കൊണ്ടിരിക്കും. വലിയ സമ്മാന തുകകൾ പ്രതീക്ഷിച്ച് ഉത്തരങ്ങൾ നൽകുന്ന ഫോണിൽ നിന്ന് തുക നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. കൊച്ചി ഏത് സംസ്ഥാനത്താണ്. താജ്മഹൽ ഏവിടെ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉത്തരസൂചികകളും നൽകിയാണ് പ്രലോഭിപ്പിക്കുന്നത്. മെസേജ് തുകയുടെ ഒരു വിഹിതം ക്വിസ് ബിസിനസുകാരുടെ അക്കൗണ്ടിലെത്തിക്കൊണ്ടിരിക്കും.