കോട്ടയം: തൂത്തുക്കുടി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു യുവാവിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു. പനന്പാലം പ്ലാമൂട്ടിൽ കിരണ്‍ കുമാറാണ് ഗാന്ധിനഗർ പോലീസിൽ പരാതി നല്‍കിയത്. മെക്കാനിക്കൽ എൻജീനിയറിംഗ് ബിരുദധാരിയായ ഇയാളുടെ പക്കൽ നിന്നും തൂത്തുക്കുടി വിമാനത്താവളത്തിൽ ജോലി നല്‍കാമെന്ന് പറഞ്ഞു രണ്ടു ഘട്ടമായി 34,000രൂപയാണ് സംഘം തട്ടിയെടുത്തത്.
ഇതേ രീതിയിൽ ജോലി വാഗ്ദാനം ചെയ്തു തമിഴ്നാട്ടിൽ സംഘം വ്യാപകമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ 11നു കിരണിനു ഫോണിൽ വന്ന മെസേജായിരുന്നു തട്ടിപ്പിനു തടക്കും. എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ തൂത്തൂക്കുടി വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫുകളുടെ ഒഴിവുണ്ടെന്നായിരുന്നു മെസേജിന്റെ ഉള്ളടക്കം.
ഇതേത്തുടർന്നു സന്ദേശം വന്ന നന്പരിൽ ബന്ധപ്പെട്ടപ്പോൾ അജിത് കുമാർ എന്നയാളെ ലഭിക്കുകയും രജിസ്ട്രേഷനായി 2000 രൂപ അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. പണം അടച്ചുകഴിഞ്ഞപ്പോൾ രണ്ടു രജിസ്ട്രേഷൻ ഫോമുകൾ, റവന്യൂ സ്റ്റാന്പ് ഒട്ടിച്ച ഫോം, പണംഅടച്ചതിന്റെ രസീത് എന്നിവ ഇ മെയിലായി അയച്ചു നൽകി. എയർപോർട്ട് അതോറിറ്റിയുടെ മുദ്രകളോടു കൂടിയതായിരുന്നു അപേക്ഷാ ഫോം.
ട്രെയിനിംഗിനായി 10 ദിവസം സമീപത്തെ വിമാനത്താവളത്തിൽ പോകണമെന്നും ഇതിനായി ലാപ്ടോപ്പ്, ഫോണ്‍, യൂണിഫോം, പഞ്ചിംഗ് കാർഡ് എന്നിവയ്ക്കായി 32000 രൂപ അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. മുന്‍പു പണം അയച്ചപ്പോൾ രസീത് ഉൾപ്പെടെ നൽകിയതിനാൽ വിശ്വാസ്യത തോന്നിയ കിരണ്‍ പണം അടച്ചുവെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.
ഏതാനും ദിവസം കഴിഞ്ഞു വിളിച്ചപ്പോൾ മറ്റൊരാൾ ഫോണ്‍ എടുക്കുകയും അജിത് ജോലിയിൽനിന്നു രാജിവച്ചതായി പറയുകയും ചെയ്തു. പീന്നിട് ഇയാളും ഫോണ്‍ എടുക്കാതായി. ഇതോടെ തൂത്തൂക്കുടി വിമാനത്താവളത്തിൽ നടത്തിയ അന്വേഷണത്തിലാണു സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. തുടർന്നു ഗാന്ധിനഗർ പോലീസിൽ പരാതി നല്‍കുകയായിരുന്നു.
തമിഴ്നാട്ടിലുള്ള നിരവധി പേരിൽ നിന്നും സംഘം സമാനമായ രീതിയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തിട്ടുണ്ടെന്നാണു പോലീസ് നല്കുന്ന സൂചനകൾ. സംഭവം പുറത്തുവന്നതോടെ തട്ടിപ്പിനു ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്താനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.