മട്ടന്നൂർ: ഫോണിലൂടെ അക്കൗണ്ട് വിവരങ്ങള്‍ ചോർത്തി പണം തട്ടിയെടുക്കുന്നത് വ്യാപകമാകുന്നു. പത്തു ദിവസത്തിനുള്ളിൽ ആറു പേരുടെ അക്കൗണ്ടുകളിൽനിന്നായി 2.20 ലക്ഷം രൂപ തട്ടിയെടുത്തു. ഫോണിലൂടെ അക്കൗണ്ട് വിവരങ്ങൾ കൈമാറരുതെന്ന ബാങ്ക് അധികൃതരുടെ നിര്‍ദേശം നിലനിൽക്കെയാണ് തട്ടിപ്പ് വ്യാപകമാകുന്നത്.
കണ്ണൂർ ജില്ലയിൽ ഇന്നലെ മാത്രം രണ്ട് അക്കൗണ്ടുകളില്‍നിന്നായി 1.25 ലക്ഷം രൂപയാണു നഷ്ടമായത്. മട്ടന്നൂർ സ്വദേശിയും തലശേരിയിൽ സർക്കാർ സ്ഥാപനത്തിൽ ജോലിചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു ലക്ഷത്തോളം രൂപയും ഫർണിച്ചർ ജോലിചെയ്യുന്ന ഉളിക്കൽ സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് 25,000 രൂപയുമാണു നഷ്ടമായത്. തലശേരിലെയും ഉളിക്കലിലെയും ബാങ്ക് അക്കൗണ്ടിൽനിന്നാണ് ഇരുവരുടെയും പണം നഷ്ടമായത്.
പണം നഷ്ടമായവർ മട്ടന്നൂർ, ഉളിക്കൽ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതിനെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. പയ്യന്നൂർ, കണ്ണൂർ ചൊവ്വ, വാരം തുടങ്ങിയ സ്ഥലങ്ങളിലെ നാലു പേരുടെ പണമാണ് ആദ്യം നഷ്ടമായത്. ഡോക്ടർ ഉൾപ്പെടുന്ന നാലു സ്ത്രീകളുടെ അക്കൗണ്ടുകളിൽനിന്നാണ് ആദ്യം പണം നഷ്ടമായതെങ്കിലും ഇപ്പോൾ രണ്ടു പുരുഷൻമാരുടെ അക്കൗണ്ടുകളിലുള്ള പണവും നഷ്ടപ്പെട്ടു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ആധാര്‍ ലിങ്ക് തുടങ്ങിയവ ആന്‍ഡ്രോയിഡ് ഫോണില്‍ തെളിയുന്ന രീതിയിലാണ് ഫോണ്‍ കോളുകള്‍ വരുന്നത്.
കണ്ണൂർ പോലീസ് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലുള്ള സംഘമാണ് പണം തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണു തട്ടിപ്പെന്നാണ് പോലീസിനു ലഭിച്ച വിവരം.
ആധാര്‍ ലിങ്ക് ചെയ്യാനെന്ന പേരിലാണ് അക്കൗണ്ടുടമകളെ തട്ടിപ്പുസംഘം സമീപിക്കുന്നത്. പണമുള്ള അക്കൗണ്ടുള്ള ഉടമകളെ മാത്രമാണ് സംഘം ബന്ധപ്പെടുന്നത്. വിവിധ നമ്പറുകളിൽനിന്നാണ് തട്ടിപ്പുസംഘം ബാങ്ക് അക്കൗണ്ട് ഉടമകളെ ഫോണുകളിൽ ബന്ധപ്പെടുന്നത്.
ഫോണ്‍ കോളിനു പിന്നാലെ ഫോണില്‍ നാലക്ക വണ്‍ടൈം പാസ് വേർഡ് നമ്പർ സന്ദേശമായെത്തും. അത് പറഞ്ഞുകൊടുക്കുന്നതോടെയാണ് പണം നഷ്ടമാകുന്നത്.നടപടി പൂര്‍ത്തിയാക്കാനെന്ന പേരില്‍ പലതവണകളായി ഫോണില്‍ വണ്‍ടൈം പാസ് വേർഡ് വരും. അത് തട്ടിപ്പുകാര്‍ക്ക് പറഞ്ഞുകൊടുക്കുന്പോള് ഒരോ തവണയും എടിഎമ്മില്‍നിന്ന് തുക നഷ്ടമായിക്കൊണ്ടിരിക്കും.ട്രൂകോളര്‍ ആപ്പില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് തട്ടിപ്പുകാരുടെ മൊബൈല്‍ നമ്പർ കാണിക്കുന്നത്.
ഈ പേരില്‍ സേവ് ചെയ്താണ് ഇങ്ങനെ വരുത്തുന്നത്. ഒന്നോ രണ്ടോ തട്ടിപ്പിനുശേഷം ഓരോ മൊബൈല്‍ നമ്പറും നശിപ്പിക്കുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഛത്തീസ്ഗഡ് പോലീസിന് ഇടപെടാന്‍ കഴിയാത്ത മാവോയിസ്റ്റ് മേഖലയിലുള്ള ഏതോ സ്ഥലം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.