നാദാപുരം: കല്ലാച്ചിയിൽ നിന്ന് മോഷണം പോയ മൊബൈൽ ഫോണിന്റെ ഐഎംഇഐ നന്പർ മൊബൈൽ കടകളിൽ നൽകിയതിനെ തുടർന്ന് വിൽപ്പനയ്ക്കെത്തിയ യുവാവ് പിടിയിലായി. നാദാപുരം സ്വദേശി മാക്കൂൽ റയീസ് (20) നെയാണ് നാദാപുരം എസ്ഐ എൻ. പ്രജീഷ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് കല്ലാച്ചി കോടതി റോഡിലെ കണ്ണച്ചാണ്ടി അനിലിന്റെ വീടിന്റെ നിർമ്മാണത്തിനെത്തിയ തൊഴിലാളികളുടെ ഫോണുകളും പണവും കളവ് പോവുകയായിരുന്നു. വലിയ പറന്പത്ത് വിനീഷ്, കണ്ണച്ചാണ്ടി മഹേഷ്, കരിന്പിൽ രാജൻ എന്നിവരുടെതായിരുന്നു സാധനങ്ങൾ. മൂന്ന് പേരും നാദാപുരം പോലീസിൽ പരാതി നൽകുകയും നാദാപുരം ,കല്ലാച്ചി, വടകര എന്നിവിടങ്ങളിലെ വിവിധ മൊബൈൽ ഷോപ്പുകളിൽ ഐഎംഇ നന്പർ കൈമാറുകയും ചെയ്തു. വടകര സ്റ്റാൻഡ് പരിസരത്തെ കടയിൽ കഴിഞ്ഞ ദിവസം മോഷ്ടിച്ച ഫോണുമായി എത്തിയ റയീസിനെ കടയിലെ ജീവനക്കാർ തിരിച്ചറിഞ്ഞെങ്കിലും രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ റയിസിന്റെ ഫോട്ടോ കടയുടമ മൊബൈലിൽ പകർത്തി വാട് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. വളയത്ത് നിന്ന് കഴിഞ്ഞ മാസം മറ്റൊരു മോഷണ കേസിൽ മൂന്നാഴ്ച്ചയോളം റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മോഷണം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നാദാപുരം ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു.