വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്ത് വനമേഖലയിലെ ആദിവാസി കോളനികളിൽ വാർത്താവിനിമയ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്റർനെറ്റും മൊബൈൽഫോണും വ്യാപകമായിട്ടും അടിയന്തിര ഘട്ടങ്ങളിൽ സഹായത്തിനു വിളിക്കാൻ പോലും ആദിവാസികൾക്ക് സൗകര്യമില്ല.
മൊബൈൽ ഫോണിലൂടെയുള്ള ഓണ്‍ലൈൻ പഠനവും ഇവർക്ക് ഇപ്പോഴും അന്യമാണ്. മറ്റത്തൂർ പഞ്ചായത്തിലെ ആനപ്പാന്തം, കാരിക്കടവ് ആദിവാസി കോളനികളിലാണ് മൊബൈൽ ഫോണ്‍ വിളിക്കാൻ സിഗ്നൽ സൗകര്യം ലഭ്യമല്ലാത്തത്.
പരിയാരം ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വരുന്ന വനപ്രദേശത്താണ് ഈ ആദിവാസി കോളനികൾ. ഇതിൽ ശാസ്താംപൂവ്വം കോളനി കൊടകര ബ്ലോക്കിലെ ഏറ്റവും വിലയ ആദിവാസി സങ്കേതം കൂടിയാണ്. കാടർ വിഭാഗക്കാരായ 78 ഓളം കുടുംബങ്ങളാണ് ഇവിടെ ഉള്ളത്.
മലയർ വിഭാഗക്കാർ താമസിക്കുന്ന കാരിക്കടവ് കോളനിയിൽ 16 കുടുംബങ്ങളുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ പോലും പുറംലോകവുമായി ബന്ധപ്പെടാൻ ഇവർ ഏറെ ക്ലേശിക്കുകയാണ്. കോളനിയിൽ പലർക്കും മൊബൈൽ ഫോണുണ്ടെങ്കിലും സിഗ്നൽ ഇല്ലാത്തതിനാൽ ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല.
ഏതാനും വർഷം ഒരു ആദിവാസി കാട്ടിൽ തേൻ ശേഖരിക്കാൻ പോയി മടങ്ങിവരും വഴി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആറുമണിക്കൂറുകൾക്കു ശേഷമാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.
വന്യജീവികളുടെ ആക്രമണങ്ങൾ വാർത്താവിനിമയ സംവിധാനത്തിന്റെ അപര്യാപ്ത മൂലം വളരെ വൈകിമാത്രമേ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വിവരം ലഭിക്കാറുള്ളു. ഇതുമൂലം ഇവർക്ക് ചികിത്സ ലഭ്യമാക്കുന്നതിലും കാലതാമസം നേരിടാറുണ്ട്.
ചൊക്കന മേഖലയിലെ ഉയർന്ന പ്രദേശത്ത് ടവർ സ്ഥാപിക്കുകയാണെങ്കിൽ കാരിക്കടവ്, ആനപ്പാന്തം കോളനികളിലുള്ളവർക്കും മുപ്ലി പ്രദേശത്തുള്ളവർക്കും മൊബൈൽ ഫോണ്‍ സേവനം തടസമില്ലാതെ ലഭിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
സംസ്ഥാനത്തെ മറ്റ് ആദിവാസി കോളനികളെ അപേക്ഷിച്ച് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ് കാരിക്കടവ്, ശാസ്താംപൂവ്വം ആദിവാസികോളനികളിലുള്ളത്. എന്നാൽ പുറം ലോകവുമായി ബന്ധപ്പെടാൻ സംവിധാനമില്ല.
ടെലിവിഷൻ സെറ്റുകളെ ആശ്രയിച്ച് ഓണ്‍ലൈൻ പഠനം ഒരുക്കിയിട്ടുണ്ടെങ്കിലും മൊബൈൽ ടവറിന്റെ പരിധിയിൽ കോളനികളെ ഉൾപ്പെടുത്തിയാൽ ഇന്റർനെറ്റ് സേവനങ്ങളും ആദിവാസി വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താനാകും.