മൊബൈല്‍ ടവറുകളില്‍ നിന്നും ബാറ്ററി മോഷണം: പ്രതികള്‍ റിമാന്‍ഡില്‍; മോഷ്ടിച്ചത് 32 ലക്ഷം രൂപ വിലവരുന്ന 400 ബാറ്ററികള്‍

alp-battery

മാവേലിക്കര: മൊബൈല്‍ ടവറുകളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ച് വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്ത കവര്‍ച്ചാ സംഘം റിമാന്‍ഡില്‍. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമെന്ന് പോലീസ്.  കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലായി 17 ഓളം മൊബൈല്‍ ടവറുകളില്‍ നിന്നും 32 ലക്ഷം രൂപ വിലമതിയ്ക്കുന്ന 400 ഓളം ബാറ്ററികള്‍ മോഷണം നടത്തിയ പത്തിയൂര്‍ കീരിക്കാട് മുറിയില്‍ അനീഷ് ഭവനത്തില്‍ അച്ചു എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണന്‍ (20), ഏവൂര്‍ തെക്ക് വിഷു വിലാസത്തില്‍ വിഷു (22), കീരിക്കാട് മുറിയില്‍ അനീഷ് ഭവനത്തില്‍ വിഷ്ണു എന്നു വിളിക്കുന്ന സനീഷ്(19),  ഏവൂര്‍ തെക്ക് കൊട്ടയ്ക്കാട്ടു കിഴക്കതില്‍ മൈക്കിള്‍ (20), കായംകുളം പത്തിയൂര്‍ വില്ലേജില്‍ വലിയപറമ്പില്‍ വീട്ടില്‍ ഷമീര്‍ (33) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

മൊബൈല്‍ ടവറുകളില്‍ നിന്നും തുടര്‍ച്ചയായി ബാറ്ററികള്‍ മോഷണം പോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അതു തടയുന്നതിനു വേണ്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവി  എ. അക്ബര്‍ന്റെ നിര്‍ദേശ പ്രകാരം ചെങ്ങന്നൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശിവസുതന്‍പിള്ള മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ ആഴ്ചകളോളമുള്ള പരിശ്രമത്തിന്റെ ഭാഗമായി ഒന്നര ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ നമ്പരുകളും, ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു പരിശോധിച്ചിരുന്നു.

എന്നാല്‍ മൊബൈല്‍ ട്രേസിംഗില്‍ നിന്നും വിദഗ്ദ്ധമായി രക്ഷപ്പെടുന്നതിനുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചും, ജനശ്രദ്ധ കിട്ടാത്ത ടവറുകളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിക്കുമ്പോള്‍ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയും കഴിഞ്ഞ രണ്ടു മാസമായി സംഘം കവര്‍ച്ച തുടരുകയായിരുന്നു.  അന്വേഷണത്തിനൊടുവില്‍ ഒരു മൊബൈല്‍ ടവറില്‍ നിന്നും ബാറ്ററികളോടൊപ്പം പ്രതികള്‍ മോഷണം ചെയ്ത ടവര്‍ ടെക്‌നീഷ്യന്റെ മൊബൈല്‍ ഫോണ്‍ ട്രേസ് ചെയ്തതില്‍ നിന്നാണ് പ്രതികളെപ്പറ്റിയുള്ള നിര്‍ണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.

തുടര്‍ന്നു രണ്ടു മാസത്തോളം പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. രാമപുരത്തുനിന്നും കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷണ സംഘത്തെ ഇന്നലെ പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ഇവര്‍ മോഷണം ചെയ്‌തെടുക്കുന്ന ബാറ്ററികള്‍ സ്ഥിരമായി വാങ്ങിക്കൊണ്ടിരുന്ന കായംകുളം എരുവയിലുള്ള ആക്രി വ്യാപാരി ഷമീര്‍(33) എന്നയാളെയും പോലീസ് അറസ്റ്റു ചെയ്തു.  മോഷണ മുതലായ 8000 രൂപ വിലവരുന്ന ബാറ്ററികള്‍ക്ക് 1500 രൂപ നല്‍കി തുച്ഛമായ വിലയ്ക്കു കൈക്കലാക്കുന്ന ഇയാള്‍ ഇവ തമിഴ് നാട്ടിലെയും മറ്റും കച്ചവടക്കാര്‍ക്കു വന്‍ വിലയ്ക്ക് മറിച്ചു വിറ്റ് ലക്ഷക്കണക്കിനു രൂപ സമ്പാദിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.  മോഷണം പോയ ബാറ്ററികളില്‍ 210 എണ്ണത്തോളം ഇയാളുടെ ഗോഡൗണില്‍ നിന്നും രഹസ്യ കേന്ദ്രങ്ങളില്‍ നിന്നുമായി പിടിച്ചെടുത്തിട്ടുണ്ട്.

മോഷ്ടാക്കളില്‍ വിഷു ഡ്രൈവറാണ്.  അച്ചു എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണന്‍ കുറച്ചുകാലം മുമ്പുവരെ മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്‍മാരുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നു.  സുഹൃത്തുക്കളായ ഇരുവരും ചേര്‍ന്ന് കാറുകള്‍ വാടകയ്‌ക്കെടുത്തു അവയില്‍ സഞ്ചരിച്ചാണ് കൂട്ടുപ്രതികള്‍ക്കൊപ്പം മോഷണം നടത്തിയിരുന്നത്.  ഓഗസ്റ്റ് മാസം അവസാന ആഴ്ചയില്‍ കായംകുളം ഭഗവതിപ്പടിയില്‍ നിന്നും ടവര്‍ ബാറ്ററികള്‍ മോഷ്ടിച്ചായിരുന്നു തുടക്കം.

വീണ്ടും ഒരാഴ്ചയ്ക്കു ശേഷം അവിടെനിന്നു തന്നെ ബാറ്ററികള്‍ മോഷ്ടിച്ചു.  പിന്നീട് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ തഴവ, കുറ്റിപ്പുറം, ഇടപ്പള്ളിക്കോട്ട, വലിയ.കുളങ്ങര എന്നിവിടങ്ങളിലും, ആലപ്പുഴ ജില്ലയില്‍ കായംകുളം താലൂക്ക് ആശുപത്രിക്കു സമീപം, എരുവ, രാമപുരം, ചേപ്പാട്, മുതുകുളം, ഓലകെട്ടി, തഴക്കര എന്നിവിടങ്ങളിലും, പത്തനംതിട്ട ജില്ലയില്‍ പരുമല തിക്കപ്പുഴയിലും, കോട്ടയം ജില്ലയില്‍ അയ്മനം, ചിങ്ങവനം എന്നീ മൊബൈല്‍  ടവറുകളിലുമാണ് പ്രതികള്‍ മോഷണം നടത്തിയിട്ടുള്ളത്.
ഏകദേശം 32 ലക്ഷത്തോളം രുപയുടെ നഷ്ടമാണ് മൊബൈല്‍ കമ്പനികള്‍ക്കു ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ടാറ്റ, ബിഎസ്എന്‍എല്‍, റിലയന്‍സ്, ഇന്‍ഡസ് കമ്യൂണിക്കേഷന്‍ തുടങ്ങിയ കമ്പനികളുടെ ചുമതലയിലുള്ള ടവറുകളാണ് ഇവ.   മൊബൈല്‍ ടവറില്‍ പവര്‍സപ്ലൈ നിലയ്ക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് ബാറ്ററികള്‍ സ്ഥാപിച്ചിട്ടുള്ളത്. ബാറ്ററിയുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ മോണിറ്ററിംഗ് സെല്ലില്‍ ടെക്‌നീഷ്യന് അറിയിപ്പുലഭിക്കുന്ന സംവിധാനമാണുള്ളത്.

മോഷ്ടാക്കള്‍ പരുമല തിക്കപ്പുഴയിലുള്ള ടവറിന്റെ ബാറ്ററികള്‍ മോഷ്ടിച്ചുകൊണ്ടിരുന്ന സമയം കറണ്ടു പോവുകയും എന്നാല്‍ ബാറ്ററികള്‍ പ്രവര്‍ത്തിക്കാതായതിനെ തുടര്‍ന്ന് അറിയിപ്പു ലഭിച്ച ടെക്‌നീഷ്യന്‍ സ്ഥലത്തു വന്നപ്പോള്‍ മോഷ്ടാക്കളെ കണ്ട്  ബഹളം വയ്ക്കുകയും അയാളെ പ്രതികള്‍ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.  പ്രതികളില്‍ നിന്നും ടെക്‌നീഷ്യന്‍ രക്ഷപ്പെട്ട സമയം പ്രതികള്‍ കാറില്‍ ബാറ്ററികളുമായി കടക്കുകയായിരുന്നു. മോഷണത്തിനായി ഉപയോഗിച്ചിരുന്ന അഞ്ചുകാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്‍സ്‌പെക്ടര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍  സബ് ഇന്‍സ്‌പെക്ടര്‍ ഇ. അജീബ്, സ്‌പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ സിപിഒ ഉണ്ണികൃഷ്ണപിള്ള,  രാഹുല്‍ രാജ്, മുഹമ്മദ് ഷെഫീഖ്, സിനു വര്‍ഗീസ്, അരുണ്‍ ഭാസ്കര്‍, വിഷ്ണു പ്രസാദ് എന്നിവരും എസ്പിയുടെ സ്‌പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ ഇല്യാസ്, സന്തോഷ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.

Related posts