ഗോഡ്ഡ: റെയിൽവേ പാളവും ഇരുന്പുപാലവുമൊക്കെ മോഷ്ടിച്ച വാർത്തകൾക്കൊപ്പം ഇതാ മറ്റൊരു അന്പരപ്പിക്കുന്ന കവർച്ച കൂടി.
ഒരു മൊബൈൽ ടവർ അപ്പാടെ മോഷ്ടിക്കാൻ ശ്രമിച്ചെന്ന വാർത്തയാണ് ജാർഖണ്ഡിൽനിന്നു പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ആറംഗസംഘത്തെ പോലീസ് പിടികൂടുകയുംചെയ്തു.
ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ സിദ്ബാക്ക് ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ബിഎസ്എൻഎൽ ടവർ ആണ് അക്രമിസംഘം മോഷ്ടിക്കാൻ ശ്രമിച്ചത്.
2019ലാണ് സിദ്ബാക്ക് ഗ്രാമത്തിൽ ബിഎസ്എൻഎൽ ടവർ സ്ഥാപിച്ചത്. എന്നാൽ, കഴിഞ്ഞദിവസം ചിലരെത്തി ഈ ടവർ പൊളിച്ചു നീക്കാൻ തുടങ്ങി.
ഗ്രാമവാസികൾ കാര്യം തിരക്കിയപ്പോൾ ബിഎസ്എൻഎൽ കമ്പനി നിർദേശിച്ചതിനെ തുടർന്നാണ് ടവർ പൊളിച്ചു നീക്കുന്നതെന്നായിരുന്നു മറുപടി.
ഇവരുടെ പെരുമാറ്റത്തിൽ മൊത്തത്തിൽ സംശയം തോന്നിയ ഗ്രാമവാസികൾ വിവരം ബിഎസ്എൻഎൽ അധികൃതരെ അറിയിച്ചു.
പോലീസ് സംഘവുമായി ബന്ധപ്പെട്ടവർ എത്തുന്പോൾ കള്ളന്മാർ ടവർ മുഴുവൻ അഴിച്ചെടുത്ത് ലോറിയിൽ കയറ്റിക്കൊണ്ടുപോകാൻ തുടങ്ങുകയായിരുന്നു.
പോലീസിനെ കണ്ടു വാഹനമുപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ എല്ലാവരെയും പിടികൂടി. അറസ്റ്റിലായവരിൽ അഞ്ചു പേർ ബിഹാറിൽനിന്നുള്ളവരും ഒരാൾ ഉത്തർപ്രദേശിൽനിന്നുള്ളയാളുമാണ്.