തൃശൂർ: മൊബൈൽ ഫോണ്‍ ടവറുകളുടെ റേഡിയേഷൻ അളവ് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ കാലാകാലങ്ങളിൽ പരിശോധിച്ച് പ്രദേശവാസികളുടെ ആരോഗ്യത്തിനു ഹാനികരമല്ലെന്ന് ഉറപ്പാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കുന്നംകുളം നഗരസഭയിലെ നാലാംവാർഡിൽ സ്ഥാപിച്ചിരുന്ന റിലയൻസ് ജിയോ ഇൻഫോകോം കന്പനിയുടെ ടവറിൽനിന്നുള്ള റേഡിയേഷൻ അളവ് പരിശോധിക്കാനാണ് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹൻദാസ് ജില്ലാ കളക്ടർക്കു നിർദേശം നൽകിയത്.
കുന്നംകുളം ബഥനി കോണ്‍വെന്റ് സ്കൂളിനു പിൻവശം മൊബൈൽ ടവർ നിർമിക്കുന്നതിനെതിരെ പൊതുപ്രവർത്തകരായ സലിം, അജിത്കുമാർ, സി.എ. ശശിധരരാജ എന്നിവർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിയിൽ കമ്മീഷൻ ജില്ലാ കളക്ടറിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ടവറിന്റെ റേഡിയേഷൻ പരിധി 0.0127 ആണെന്നും ഇക്കാര്യം കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്ഥാപനമായ ടേം സെൽ അസിസ്റ്റന്റ് ഡയറക്ടർ ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സൂര്യപ്രകാശത്തിൽനിന്നുള്ള റേഡിയേഷനേക്കാൾ കുറവാണ് ടവറിൽനിന്നുളള റേഡിയേഷനെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതിവിധിയുള്ളതിനാൽ പരാതി നിലനിൽക്കുന്നതല്ല. എന്നാൽ റേഡിയേഷൻ തോത് കാലാകാലങ്ങളിൽ പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.