കൊച്ചി: സംസ്ഥാന വിവരസാങ്കേതിക വിദ്യാവകുപ്പ് പുറത്തിറക്കിയ ഉത്തരവിനു വിരുദ്ധമായി സ്കൂൾ, കോളജ്, ആശുപത്രി, അങ്കണവാടി, പോലീസ് സ്റ്റേഷൻ എന്നിവയ്ക്കു സമീപം മൊബൈൽ ഫോണ് ടവറുകൾ സ്ഥാപിക്കരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇതിനു വിരുദ്ധമായി നടക്കുന്ന ടവർ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകരുതെന്നും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിട്ടു.
മൂന്നൂറോളം കുട്ടികൾ പഠിക്കുന്ന, 120 വർഷം പഴക്കമുള്ള തൃപ്പൂണിത്തറ സേക്രഡ് ഹാർട്ട് യുപിഎസിന് എട്ട് മീറ്റർ മാറി മൊബൈൽ ഫോണ് ടവർ സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കരുതെന്നും കമ്മീഷൻ നിർദേശിച്ചു. സ്കൂൾ പ്രധാനാധ്യാപിക വൽസല സി. ബേബി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സ്കൂളിന് എതിർവശത്തായി നിർമിച്ച കെട്ടിടത്തിന്റെ മുകളിലാണു ടവർ സ്ഥാപിക്കുന്നത്.
കമ്മീഷൻ നഗരസഭാ സെക്രട്ടറിയിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഐഡിയയുടെ ടവർ സ്ഥാപിക്കാൻ അപേക്ഷ ലഭിച്ചതിനെത്തുടർന്നു സ്ഥലപരിശോധന നടത്തി അനുമതി നൽകിയതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. റെസിഡൻസ് അസോസിയേഷനും സ്കൂൾ അധികൃതരും ഇതിനെതിരേ പരാതി നൽകിയിട്ടുണ്ട്.
കെട്ടിടനിർമാണ ചട്ടങ്ങൾക്ക് അനുസൃതമായി പെർമിറ്റ് നൽകിയതിനാൽ പെർമിറ്റ് റദ്ദ് ചെയ്യാൻ കഴിയില്ലെന്നും നിർമാണത്തിന് നൽകിയ അപേക്ഷയിൽ സ്കൂൾ പ്രവർത്തിക്കുന്ന കാര്യം കന്പനി പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2015 ജനുവരി ഒന്നിനു വിവരസാങ്കേതികവിദ്യാ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമായാണ് നഗരസഭാ ടവറിന് അനുമതി നൽകിയതെന്നു കമ്മീഷൻ കണ്ടെത്തി. നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്പിക്കണമെന്നു കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിക്ക് ഉത്തരവ് നൽകി.