പാലാ: കുടുംബവഴക്കിനെത്തുടർന്ന് ടവറിനു മുകളിൽ കയറിയ യുവാവ് അര മണിക്കൂറോളം ജനത്തെ മുൾമുനയിലാക്കി. പൂഞ്ഞാർ നടുഭാഗം മുകളേൽ ബിജു (32) ആണ് ഇന്നലെ നട്ടുച്ചയ്ക്ക് പാലാ ടൗൺ ബസ് സ്റ്റാൻഡിനു സമീപം ചെറുപുഷ്പം ബിൽഡിംഗിലെ മൊബൈൽ ടവറിനു മുകളിൽ വലിഞ്ഞുകയറിയതും താഴേക്കു ചാടുമെന്നു ഭീഷണി മുഴക്കിയതും.
പിന്നീട് ഭാര്യയും കുഞ്ഞും സ്ഥലത്തെത്തിയതോടെ ഇയാൾ താഴെയിറങ്ങി.മൂന്നുനില കെട്ടിടത്തിന്റെ ടെറസിലാണ് ടവർ സ്ഥിതി ചെയ്യുന്നത്. ടവറിലേക്കുള്ള പ്രവേശന കവാടം പൂട്ടിയിരുന്നെങ്കിലും രണ്ടാം നിലയിലെ ചെറിയ ടെറസിൽ നിന്നും പൈപ്പുവഴി ഇയാൾ മുകളിലെത്തുകയായിരുന്നു.
സമീപത്തുള്ള ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരാണ് ഇയാൾ ടവറിനു മുകളിലേക്ക് കയറുന്നത് ആദ്യം കാണുന്നത്. ഇവർ ഉടൻതന്നെ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. അനുനയശ്രമങ്ങളുമായി നാട്ടുകാരും പോലീസും ടവറിനു താഴെ എത്തിയെങ്കിലും താഴെയിറങ്ങാൻ ഇയാൾ കൂട്ടാക്കിയില്ല.
ഭാര്യയുമായുള്ള പിണക്കമാണ് കാരണമെന്ന് മനസിലാക്കിയ പോലീസ് ഇയാൾ വിളിച്ചുപറഞ്ഞ ഫോൺനന്പരിൽ ഭാര്യയെ വിളിച്ച് ഉടൻ സ്ഥലത്തെത്തണമെന്ന് നിർദേശിച്ചു. അരമണിക്കൂറിനുള്ളിൽ ഭാര്യയും കുട്ടിയും ടവറിനു താഴെയെത്തി. കരഞ്ഞു നിലവിളിച്ച ഇവരെ കണ്ടതോടെ യുവാവ് ടവറിൽ നിന്നും താഴെയിറങ്ങുകയായിരുന്നു. ടവറിൽ കയറാനുള്ള മാൻഹോൾ വഴിയാണ് ഇയാൾ മുകളിലെത്തിയത്.
ഇതുവഴി തന്നെ താഴെയിറങ്ങിയ ഇയാളെ പോലീസ് അനുനയിപ്പിക്കുകയും ഭാര്യയോടൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി തങ്ങൾ കായംകുളത്ത് ഒന്നിച്ച് താമസിക്കുകയാണെന്നാണ് ബിജു പോലീസിന് മൊഴി നൽകിയത്. ഇന്നലെ സ്വന്തം വീടായ പൂഞ്ഞാറിലേക്ക് വരുന്നതിനിടെ പാലായിലെത്തിയപ്പോൾ തമ്മിൽ പിണങ്ങുകയായിരുന്നു. തുടർന്ന് ഭാര്യ ഈരാറ്റുപേട്ടയ്ക്ക് തിരിക്കാൻ ബസ് കാത്തുനിൽക്കവെയാണ് ബിജു ടവറിനുമുകളിൽ കയറിയതായുള്ള വിവരം ഫോണിൽ അറിയുന്നത്. ഇരുവരും വ്യത്യസ്ത മതത്തിൽപ്പെട്ടവരാണ്.