വളരെ വിവേകപൂർവ്വം ഉപയോഗിക്കേണ്ടതാണ് മൊബൈൽഫോൺ. മൊബൈൽ ഫോൺ കാരണമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും വിവേകം അനിവാര്യംതന്നെ.
പണ്ടെങ്ങുമില്ലാത്തവിധം മൊബൈൽ ഫോൺ ഉപയോഗം ഇപ്പോൾ വർധിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ നെറ്റ്വർക്ക് കവറേജ് കുറവായിരിക്കുക, എങ്ങനെയൊക്കെ ഉപയോഗിക്കുന്നു, എത്രനേരം ഉപയോഗിക്കുന്നു എന്നുതുടങ്ങി മൊബൈൽ ഫോണിന്റെ വലുപ്പം പോലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
കണ്ണിനും ചെവിക്കും കഴുത്തിനും മനസിനും
ഓൺലൈൻ ക്ലാസുകൾ കാരണം കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചിട്ടുണ്ട്.
കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി ഇമേജിന് പ്രകാശം കൂട്ടുന്നതും ക്ലാസുകളും ട്രെയിനിംഗുകളും മീറ്റിംഗുകളും മണിക്കൂറുകളോളം നീണ്ടു നിൽക്കുന്പോൾ റീചാർജ് ചെയ്യുന്നതിനായി ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ പ്ലഗ് ചെയ്യുന്നതും ഇയർഫോണോ ഹെഡ് ഫോണോ ഉപയോഗിക്കുന്നതും അവയുടെ വോളിയം കൂട്ടിവച്ച് കേൾക്കുന്നതും കണ്ണിനും ചെവിക്കും കഴുത്തിനും മനസിനു പോലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പ്രകാശം കുറച്ച് ഉപയോഗിക്കാം
പരമാവധി ഫോണിന്റെ പ്രകാശം കുറച്ച് ഉപയോഗിച്ചും ഇയർഫോണും ഹെഡ് ഫോണും ഒഴിവാക്കിയും കണ്ണിന്റെയും ചെവിയുടെയും അതിപ്രവർത്തി കുറയ്ക്കുവാൻ സാധിക്കും. വയർലെസ് ബ്ലൂടൂത്ത് സ്പീക്കറുകൾ ഇവയ്ക്കു പകരം ഉപയോഗിക്കാവുന്നതാണ്.
മണിക്കൂറുകളോളം…
മൊബൈൽ പഠനത്തിൽ മുഴുകുന്നവർ ശരിയായി ഇരിക്കാനും ശ്രദ്ധിക്കണം. എങ്ങനെയെങ്കിലും മണിക്കൂറുകളോളം ഇരിക്കുന്നതും കിടന്നുകൊണ്ട് മൊബൈൽഫോൺ ഉപയോഗിക്കുന്നതും ക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കുപോലും കാരണമാകും.
കൈപ്പത്തിയിൽ തരിപ്പും വേദനയും
നട്ടെല്ലിന്റെ വളവ്, കണ്ണിനുണ്ടാകുന്ന ഡ്രൈനെസ്, കഴുത്തു വേദന, കൈകളിൽ പെരുപ്പ്, കൈപ്പത്തിയിൽ തരിപ്പും വേദനയും തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ. സന്ധികളിൽ നീർക്കെട്ടുണ്ടാക്കി ക്രമേണ വാത രോഗത്തിലേക്ക് ഇത് മാറാറുണ്ട്.
കൂടുതൽ സമയം ക്ലാസ് ഉണ്ടായിരുന്നെന്ന് കരുതി ബാക്കിയുള്ള സമയം കണ്ണിനും കാതിനും ഇവർ വിശ്രമം നൽകുമെന്ന് രക്ഷിതാക്കൾ കരുതണ്ട. മൊബൈൽഫോൺ ഉപയോഗിച്ച് ചെയ്യുന്നതൊന്നും അവർ മുടക്കാറില്ല എന്നതാണ് യാഥാർഥ്യം.
റേഡിയേഷൻസാധ്യത കൂട്ടുന്നത്…
റേഞ്ച് കുറവുള്ളിടത്തും ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോഴും ഫോൺ ഉപയോഗിക്കുന്നതും തലയിണയുടെ അരികെ തന്നെ ഫോൺവച്ച് കിടന്നുറങ്ങുന്നതും റേഡിയേഷൻ സാധ്യത വർധിപ്പിക്കും.
(തുടരും)
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481