വലിയ സ്ക്രീനുള്ള ഫോണുകൾ വിരൽചുറ്റിപിടിച്ചതുപോലെ ഉപയോഗിക്കേണ്ടി വരുന്നത് റിസ്റ്റ് ജോയന്റ് അധിക സമ്മർദത്തിലാക്കുന്നതായി കാണുന്നു.
കൈ പെരുപ്പുള്ള പലർക്കും രോഗം വർധിക്കുന്നതിന് ഇത് ഇടയാക്കും. മൊബൈൽ ഫോൺ കയ്യിൽ പിടിക്കാതെ ബാഗിലിട്ട് നടക്കുന്നതാണ് കൂടുതൽ നല്ലത്. സെർവൈക്കൽ സ്പോണ്ടിലോസിസ്, കാർപൽ ടണൽ സിൻഡ്രോം തുടങ്ങിയവയുള്ളവർ പ്രത്യേകിച്ചും അങ്ങനെതന്നെ ശീലിക്കണം.
പവർ വ്യത്യാസമറിയാതെ
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കണ്ണിന്റെ നിലവിലുള്ള പവറിന് വ്യത്യാസം വരുത്തുന്നതാണ്. എന്നാൽ അതൊന്നും തിരിച്ചറിയാതെ നേരത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കണ്ണട തന്നെ തുടർന്നും ഉപയോഗിക്കുന്നതിലൂടെ
കാഴ്ചവൈകല്യം കാര്യമായി വർധിക്കുകയും തലവേദനയും അനുബന്ധപ്രശ്നങ്ങളും കൂടുകയും ചെയ്യും.
തുടർച്ചയായി മൊബൈൽഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അരമണിക്കൂറിലൊരിക്കൽ മുഖം കഴുകുകയോ അര മിനിറ്റെങ്കിലും കണ്ണടച്ചിരിക്കുകയോ ചെയ്യണം.
നേത്രസംബന്ധമായ പ്രശ്നങ്ങളുള്ളവർ അത് പരിഹരിക്കാവുന്ന വിധത്തിലും ചെവികൾക്ക് പ്രശ്നങ്ങളുള്ളവർ അത് പരിഹരിക്കുന്ന വിധത്തിലുമുള്ള എണ്ണയാണ് തലയിൽ തേച്ചുകുളിക്കാൻ ഉപയോഗിക്കേണ്ടത്. കണ്ണിൽ ആയുർവേദ തുള്ളി മരുന്നുകൾ ഉപയോഗിക്കുന്നതും പ്രയോജനപ്പെടും.
കുട്ടികളിൽ ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ
ഓൺലൈൻ ക്ലാസുകൾ കാരണം വിദ്യാർഥികൾ തിരക്കിലാണ്. സോഷ്യൽ മീഡിയകളുടെ അമിത ഉപയോഗം കാരണം മുതിർന്നവരും ഒട്ടുംതന്നെ ഫ്രീ അല്ല.
കുട്ടികളിൽ ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ… അതിൽതന്നെ പ്രോഗ്രസീവ് മയോപ്പിയയും 40 വയസിനു മുകളിൽ പ്രായമുള്ളവരുടെ പ്രസ്ബയോപിയയും വർധിച്ചുവരുന്നുണ്ട്. ഇവയുള്ളവർ വളരെശ്രദ്ധിച്ചു മാത്രം കണ്ണ് ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്.
അടിമയാകുന്നതോടെ...
അമിതമായി ഫോണിന്റെ ദുരുപയോഗത്തിൽ അടിമപ്പെടുന്നവരിൽ ഉണ്ടാകുന്ന ഉറക്കക്കുറവ്, പകലുറക്കം, രാത്രി ഉറക്കമില്ലായ്മ, മാനസിക പ്രശ്നങ്ങൾ, പെരുമാറ്റ വൈകല്യം, ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലും നേരിട്ട് കാണുമ്പോൾ അവരോട് ശരിയായി പെരുമാറാൻ കഴിയാത്ത രീതികൾ, പെട്ടെന്നുള്ള വികാരപരമായ പെരുമാറ്റങ്ങൾ, ഒന്നു പറഞ്ഞ് രണ്ടിന് ആത്മഹത്യാപ്രവണത തുടങ്ങി പലവിധ പ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി ചികിത്സിക്കണം.
ഫോൺ ഉപയോഗിക്കാനാകാതെ വന്നാൽ
കുറച്ചുസമയത്തേക്ക് ഫോൺ ഉപയോഗിക്കാൻ സാധിക്കാതെ വരികയോ റേഞ്ച് കിട്ടാതെ വരികയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം പ്രാധാന്യമുള്ളതായിതന്നെ കാണണം.
സോഷ്യൽ മീഡിയകളിൽ നിരവധി ആവശ്യമുള്ള കാര്യങ്ങളും അതുപോലെതന്നെ ആവശ്യമില്ലാത്തവയും ഒരേ പ്രാധാന്യത്തോടെ കാണുകയും കേൾക്കുകയും ചെയ്യേണ്ടി വരുന്നവർ പ്രായഭേദമന്യേ ആശയക്കുഴപ്പത്തിലാകുകയും അവരുടെ മൊബൈൽ ഫോൺ ദുരുപയോഗം വർധിക്കുകയും ചെയ്യുകയാണ് പതിവ്.
അതുകാരണമുണ്ടാകാവുന്ന മറ്റ് പ്രശ്നങ്ങൾ പോലെ ഗുരുതരമാണ് ആരോഗ്യപ്രശ്നങ്ങളും. അതിനാൽ അത്തരം പ്രശ്നങ്ങളും ശരിയായി ചികിത്സിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.