തിരുവനന്തപുരം: മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നവർ ജാഗ്രതൈ… പോലീസ് പിടിച്ചാൽ പോക്കറ്റുകീറും. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ പിഴ ഈടാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 100 രൂപയും പിഴ ചുമത്തും. ഇതടക്കം ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്ക് ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിവരങ്ങൾ പോലീസ് പ്രസിദ്ധീകരിച്ചു.
നിയമപരമായി വാഹനം ഓടിക്കാൻ അധികാരമില്ലാത്ത ആൾ വാഹനം ഓടിച്ചാൽ വാഹനത്തിന്റെ ചുമതലയുളള ആളിൽ നിന്നോ ഉടമയിൽ നിന്നോ 1000 രൂപ പിഴ ഈടാക്കാം. മൂന്നുമാസം തടവും ലഭിക്കാം.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം തടവിനോ 500 രൂപ പിഴയ്ക്കോ ശിക്ഷിക്കാം. ലൈസൻസ് അയോഗ്യമാക്കപ്പെട്ടയാൾ വീണ്ടും ലൈസൻസിന് അപേക്ഷിക്കുകയോ കരസ്ഥമാക്കുകയോ ചെയ്താലും ശിക്ഷ ലഭിക്കും. 500 രൂപ പിഴയോ മൂ ന്നുമാസം തടവോ ആണ് ശിക്ഷ.
അമിതവേഗത്തിൽ വാഹനമോടിച്ചാൽ 400 രൂപയാണ് പിഴ. കുറ്റകൃത്യം ആവർത്തിച്ചാൽ 1000 രൂപ പിഴ ഈടാക്കും. അപകടകരമായും സാഹസികമായും വാഹനമോടിച്ചാൽ 1000 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ. മൂന്നുവർഷത്തിനകം കുറ്റകൃത്യം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 2000 രൂപ പിഴയോ ലഭിക്കും.
മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അതോടൊപ്പം ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുളള നടപടിയും സ്വീകരിക്കാം. മൂന്നുവർഷത്തിനകം ഇതേകുറ്റം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 3000 രൂപ പി ഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 1000 രൂപയും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 100 രൂപയും പിഴ ഈടാക്കാം. മോട്ടോർവാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസൻസ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ രേഖകൾ, പുകപരിശോധന സർട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹ നങ്ങളിലും സൂക്ഷിക്കണം. ഇവയ്ക്കു പുറമെ പൊതുഗതാഗത വാഹനങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് സംബന്ധിച്ച രേഖകൾ, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം.