വിയ്യൂർ: ഇത് ജയിലോ അതോ മൊബൈൽ ഫോണ് ഷോപ്പോ…..ചോദ്യം വിയ്യൂർ സെൻട്രൽ ജയിലിനെക്കുറിച്ചാണ്. വീണ്ടും വീണ്ടും വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽഫോണുകൾ പിടിച്ചെടുത്തുകൊണ്ടിരിക്കുന്പോൾ ഉയരുന്ന ചോദ്യം ഇതാണ്. മൊബൈൽ ഫോണ് മാത്രമല്ല ഇന്നലെ ജയിലിൽ നിന്ന് പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും പിടിച്ചെടുത്തു.
ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് മൊബൈൽഫോണുകളും ലഹരി വസ്തുക്കളും കണ്ടെടുത്തത്. ഡി ബ്ളോക്കിൽ നിന്നും അഞ്ചും ബി ബ്ളോക്കിൽ നിന്ന് ഒരു ഫോണുമാണ് കണ്ടെടുത്തത്. മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു. മൊബൈൽ ബാറ്ററികളും നിരോധിത ലഹരി വസ്തുവായ് ഹാൻസും, ബീഡികളും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പൂജപ്പുര ജയിലിൽ നടത്തിയ പരിശോധനയിൽ പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതിയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു.വിയ്യൂർ ജയിലിലെ ബി ബ്ളോക്കിൽ ദീപക് എന്ന തടവുകാരനിൽ നിന്നും വ്യാഴാഴ്ച മൊബൈൽ ഫോണ് പിടിച്ചെടുത്തതിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ പരിശോധന.
ഫോണുകളും പുകയില ഉത്പന്നങ്ങളും മറ്റും പിടിച്ചെടുക്കുന്നുണ്ടെങ്കിലും കാര്യമായ തുടർനടപടികളോ ശിക്ഷകളോ ഇല്ലാത്തതുകൊണ്ടുതന്നെ ജയിലിലേക്ക് ഇവ നിർബാധം എത്തുകയും ഉപയോഗം തുടരുകയും ചെയ്യുകയാണ്.