കൽപ്പറ്റ: രാഹുൽ ഗാന്ധി എംപി വയനാട്ടിൽ ആദ്യമായി ഉദ്ഘാടനം ചെയ്തത് ആദിവാസി യുവാവിന്റെ ന്യൂസ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും. ആദിവാസികളിലെ പണിയ വിഭാഗത്തിൽനിന്നുള്ള മാധ്യമ പ്രവർത്തകൻ അവനീത് ഉണ്ണി ന്യൂസ് പീപ്പിൾ എന്ന പേരിൽ ആരംഭിച്ച പോർട്ടലിനും മൊബൈൽ ആപ്ലിക്കേഷനുമായിരുന്നു ചരിത്ര നിയോഗം. ഇന്നലെ കളക്ടറേറ്റ് വളപ്പിലെ എംപി ലാഡ്സ് ഫെസിലിറ്റേഷൻ സെന്ററിലായിരുന്നു ചടങ്ങ്.
വെള്ളമുണ്ട പഞ്ചായത്തിലെ ആലഞ്ചേരി പരേതനായ വാസുവിന്റെയും അമ്മിണിയുടെയും മൂത്ത മകനാണ് അവനീത്. പരീക്ഷണാടിസ്ഥാനത്തിൽ ന്യൂസ് പോർട്ടലിന്റെ പ്രവർത്തനം നേരത്തേ തുടങ്ങിയിരുന്നു. മൊബൈൽ ആപ്ലിക്കേഷൻ കഴിഞ്ഞ മാസമാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാക്കിയത്.
ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ പ്രത്യേക താത്പര്യമെടുത്താണ് പോർട്ടലും ആപ്ലിക്കേഷനും രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നതിനു സാഹചര്യം ഒരുക്കിയത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് എസ്പിജി എഐജി എസ്. റോയ് ഉദ്ഘാടനത്തിന് അനുമതി നൽകിയത്.
അവനീതിന്റെ പ്രവർത്തനം പ്രത്യേക അഭിനന്ദനം അർഹിക്കുന്നതാണന്നു രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ്, മാധ്യമപ്രവർത്തകരൻ സി.വി. ഷിബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.