സ്വന്തം ലേഖകൻ
ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) 12ൽനിന്നു 18 ശതമാനമാക്കി ഉയർത്താൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗണ്‍സിൽ തീരുമാനിച്ചു.
ചെരുപ്പ്, തുണിത്തരങ്ങൾ, വളം എന്നിവയുടെ തീരുവ 12 ശതമാനമാക്കി ഉയർത്താൻ നിർദേശം വച്ചെങ്കിലും സംസ്ഥാനങ്ങളുടെ എതിർപ്പിനെത്തുടർന്ന് തീരുമാനമെടുക്കുന്നതു മാറ്റി.
ജിഎസ്ടി ഏർപ്പെടുത്തിയതു മൂലമുണ്ടായ വരുമാനനഷ്ടം നികത്തുന്നതിനായി സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്ന നിലപാടിലും അയവു വരുത്തി.
സാന്പത്തിക മാന്ദ്യത്തിനും കോവിഡ്-19 ദുരന്തത്തിനും ഇടയിൽ രാജ്യം പ്രതിസന്ധിയിലായിരിക്കേയാണ് ഉത്പന്നങ്ങളുടെ നികുതി തീരുവ ഉയർത്താനുള്ള നിർദേശങ്ങൾ കേന്ദ്രസർക്കാർ ജിഎസ്ടി കൗണ്‍സിലിനു മുന്‍പാകെ വച്ചത്.
ഈ നിർദേശങ്ങൾ വിലക്കയറ്റത്തിനും സാന്പത്തികമാന്ദ്യം രൂക്ഷമാക്കുന്നതിനും ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടിയ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇതിനെ അപ്പാടെ എതിർത്തതായി സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
മാന്ദ്യം നേരിടുന്നതിനു ഉത്തേജക പാക്കേജുകളാണ് ഇപ്പോൾ അടിയന്തരമായി കൊണ്ടുവരേണ്ടത്. കൊറോണ ബാധമൂലം ആഗോളരംഗത്തുണ്ടാകുന്ന തകർച്ച രാജ്യത്തെ സാരമായി ബാധിക്കും.
മൊബൈൽ ഫോണുകൾക്കുള്ള തീരുവ വർധിപ്പിച്ചത് അതിന്റെ അസംസ്കൃത വസ്തുക്കൾക്കും അനുബന്ധ ഉപകരണങ്ങൾക്കും 18 ശതമാനം നികുതി നിലവിലുള്ളതു കണക്കിലെടുത്താണെന്നും തോമസ് ഐസക് പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 3000 കോടി രൂപ ലഭിക്കാനുണ്ട്. കൊറോണ ദുരന്തം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി 2000 കോടി രൂപയെങ്കിലും അനുവദിക്കണമെന്ന ആവശ്യം കേരളം ഉന്നയിച്ചിട്ടുണ്ടെന്നും പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി മറുപടി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ
മൊബൈൽ ഫോണുകളുടെ ജിഎസ്ടി 12-ൽനിന്ന് 18 ശതമാനമാക്കി.
കൈകൊണ്ടു നിർമിച്ച തീപ്പെട്ടിക്കും യന്ത്രത്തിൽ നിർമിച്ച തീപ്പെട്ടിക്കും നികുതി ഏകീകരിച്ച് 12 ശതമാനമാക്കി. യഥാക്രമം അഞ്ചും 18 ഉം ശതമാനമാണ് ഇപ്പോൾ.
വിമാനങ്ങൾ നന്നാക്കുന്നതിനുള്ള നികുതി 18ൽനിന്ന് അഞ്ചുശതമാനമായി കുറച്ചു.
രണ്ടുകോടി രൂപയിൽ താഴെ വിറ്റുവരവുള്ളവർ 2017-18, 2018-19 വർഷങ്ങളിലെ വാർഷിക റിട്ടേൺ സമർപ്പിക്കൽ വൈകിയതിനു ലേറ്റ് ഫീ ഈടാക്കില്ല.
ജൂലൈ ഒന്നു മുതൽ ജിഎസ്ടി അടയ്ക്കുന്നതിൽ കാലതാമസം വന്നാൽ നികുതി പലിശ ഈടാക്കും.