പത്തനംതിട്ട: മൊബൈൽ ഫോണുകൾ ഓർഡർ ചെയ്ത പ്രകാരം വിൽപനയ്ക്കെത്തിയ യുവാക്കളെ മർദ്ദിച്ച ശേഷം ഫോണുകൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ ആറുപേർ റിമാൻഡിൽ. മൊബൈൽ ഫോണുകൾക്ക് പണം വാങ്ങിയ ശേഷം നൽകാതിരുന്നതിനെ തുടർന്ന് വഞ്ചിക്കപ്പെട്ടതു കൊണ്ടാണ് വിൽപനക്കാരെ വിളിച്ചു വരുത്തി കൈകാര്യം ചെയ്തതെന്ന് അറസ്റ്റിലായ പ്രധാന പ്രതി ജിതിൻ പോലീസിനു മൊഴി നൽകി. സംഭവത്തിൽ 15 പേർക്കെതിരെ കേസുള്ളതായി പോലീസ് പറഞ്ഞു.
ജിതിനെ കൂടാതെ നാരങ്ങാനം കണമുക്ക് കുഴിടത്തടത്തിൽ അരുൺ (24), നാരങ്ങാനം അശോക് ഭവനിൽ ചന്തു (22), പത്തനംതിട്ട കരിമ്പനാക്കുഴി ഒറ്റപ്ലാമൂട്ടിൽ രാഹുൽ (21) മല്ലശേരി സുജാത ഭവനിൽ പ്രണവ് (23), പത്തനംതിട്ട വയലിറക്കത്തിൽ ജിത്തു (25) എന്നിവരാണ് അറസ്റ്റിലായ മറ്റുളളവർ.സന്തോഷ് മുക്കിൽ വാടകയ്ക്കു താമസിക്കുന്ന ജിതിൻ മൊബൈൽ ഫോണുകൾ ഓൺലൈനിൽ വാങ്ങി കടകളിൽ വില്പന നടത്തുന്നുണ്ട്.
പത്തനംതിട്ട നഗരത്തിലെ പല മൊബൈൽ ഷോപ്പുകളിൽ നിന്നും മൊബൈൽ ഫോൺ നൽകാമെന്നു പറഞ്ഞ് വൻ പണം വാങ്ങിയിട്ടുണ്ട്. ജിതിൻ തിരുവനന്തപുരം സ്വദേശി സിബി എന്നയാളുമായി ഫേസ് ബുക്കിൽ പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. സിബിയും ഓൺലൈനിൽ മൊബൈൽ ഫോണുകൾ വില്പന നടത്തുന്നയാളാണ്. മൊബൈൽ ഫോൺ വാങ്ങി നൽകുന്നതിനായി ജിതിൻ സിബിക്ക് പണം നൽകിയിട്ടുണ്ട്. എന്നാൽ സിബി പണമോ മൊബൈലുകളോ വാങ്ങി നൽകിയില്ല.
വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയ ജിതിൻ 2000 മൊബൈൽ ഫോണുകൾ എറണാകുളത്തെ ഒരു കമ്പനിക്കു നൽകുവാനുള്ള ഓർഡർ കിട്ടിയിട്ടുണ്ടെന്ന് സിബിയോട് പറഞ്ഞു. ടോക്കണായി 300 മൊബൈൽ ഫോണുകൾ ഉടനെ തന്നാൽ 2000 മൊബൈൽ ഫോണിന്റെ പണം കിട്ടുമെന്നും അറിയിച്ചു. സിബി തിരുവനന്തപുരത്തെ സുഹൃത്തുക്കളിൽ നിന്ന് 22 ലക്ഷം രൂപ സ്വരൂപിച്ച് 163 റെഡ്മി 7എസ് മൊബൈൽ ഫോണുകൾ വാങ്ങി. അഞ്ച് സുഹൃത്തുക്കളുമായി കഴിഞ്ഞ 24ന് രാത്രി 11.30ന് പത്തനംതിട്ട ഓമല്ലൂർ സന്തോഷ് മുക്കിലുള്ള ജിതിന്റെ വീട്ടിലെത്തി.
മൊബൈൽ ഫോണുകൾ വീട്ടിന് അകത്ത് എടുത്തു വയ്ക്കാൻ ജിതിൻ പറഞ്ഞു. കമ്പനിയുടെ സിഇഒ ഉടനെ വരുമെന്നും വന്നാൽ ഫോണുകൾ പരിശോധിച്ച് പണം തരുമെന്നും പറഞ്ഞു. സിബി വീടിനകത്ത് കാത്തിരുന്നു. സുഹൃത്തുക്കൾ പുറത്തും. അര മണിക്കൂർ കഴിഞ്ഞ് ജിതിൻറ സുഹൃത്തുക്കളായ പതിനഞ്ചോളം പേർ ബൈക്കുകളിലും മറ്റുമായി വന്ന് വീട്ടിനുള്ളിലേക്ക് ഇരച്ചു കയറി സിബിയെ മർദ്ദിക്കുകയും കമ്പി കൊണ്ട് കൈ അടിച്ചൊടിക്കുകയും ചെയ്തു.
ഇതിനിടെ, മൊബൈൽ ഫോണുകൾ ജിതിൻ കാറിൽ കയറ്റിക്കൊണ്ടു പോയി. സിബിയെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി വന്ന കാറിൽ കയറ്റി വിട്ടു. ഇവർ അടൂർ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. സിബിയെ അടൂർ ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചു. പിന്നീട് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ വന്ന് മൊഴി നൽകി. ഡിവൈഎസ്പി കെ. സജീവ്, സിഐ എസ് ന്യൂമാൻ എന്നിവരുടെ നേതൃത്വത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
എസ്ഐപി.ടി.അഷറഫ്, ടി.ഡി പ്രജീഷ്, ഇലവുംതിട്ട എസ്ഐ എ. അനീസ്, എഎസ്മാരായ ഷൈജു, ഹരീന്ദ്രൻ, സുരേഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.