മുവാറ്റുപുഴ: ലോക്ക് ഡൗണ്‍ മൂലം കടകള്‍ അടഞ്ഞുകിടക്കുന്നതില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിനായി എന്തുചെയ്യണമെന്നറിയാതെ ജനം. ആവശ്യവസ്തുക്കളുടെ ഇനത്തില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കടകള്‍ ഉൾപ്പെടുത്താത്തതോടെ റീചാര്‍ജിംഗ് നിലച്ചിരിക്കുകയാണ്.
കൗമാരക്കാരെയും യുവാക്കളെയും സംബന്ധിച്ചു കടകള്‍ തുറന്നില്ലെങ്കിലും ഓണ്‍ലൈനായി ഫോണ്‍ ചാര്‍ജ് ചെയ്യാം. മധ്യവയസ്കരും വയോജനങ്ങളുമാണ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ആവശ്യവസ്തുവായി പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
അതേസമയം രോഗികള്‍ ഉള്‍പ്പെടെ പ്രായമായവര്‍ മാത്രം താമസിക്കുന്ന പല വീട്ടുകാർ ഭീതിയിലാണ്. രോഗികളുമായി താമസിക്കുന്നവര്‍ക്ക് പെട്ടെന്ന് മറ്റൊരാളുടെ സഹായം വേണ്ടിവന്നാല്‍ ഏക ആശ്രയം മൊബൈല്‍ ഫോണായിരുന്നു. ഗ്രാമങ്ങളില്‍ പലയിടത്തും ഒറ്റപ്പെട്ട വീടുകളുണ്ട്. അത്യാവശ്യത്തിന് ആംബുലന്‍സ് പോലും വിളിക്കാന്‍ ഇവര്‍ക്ക് പറ്റാത്ത അവസ്ഥയുണ്ടായേക്കാം.
നാട്ടുകാരുടെ പ്രത്യേക ആവശ്യം കണക്കിലെടുത്ത് പോലീസിന്റെ അനുമതിയോടെ ഇന്നലെ കല്ലൂര്‍ക്കാട് രണ്ട് മൊബൈല്‍ ഫോണ്‍ റീചാര്‍ജിംഗ് സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ആളുകള്‍ നിശ്ചിത അകലം പാലിച്ചും കൂട്ടം കൂടാതെയുമായിരുന്നു പ്രവര്‍ത്തനം.
ഇതോടെ ഈ പ്രദേശത്തെ ആളുകള്‍ക്ക് ആശ്വാസമായി. അതേ സമയം ബിഎസ്എന്‍എല്‍ 20 ദിവസം കൂടി കാലാവധി നീട്ടിയിട്ടുണ്ട്. ഇത് ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്.