ഇതാകണം മൊബൈല്‍ ഫോണ്‍! സ്മാര്‍ട്ട് ഫോണുകള്‍ നാണിച്ചുപോകും; 17 വര്‍ഷമായിട്ടും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ കൗതുകമാകുന്നു

3310പരമാവധി രണ്ടോ മൂന്നോ വര്‍ഷം പ്രശ്‌നങ്ങളൊന്നും കൂടാതെ ഉപയോഗിക്കാന്‍ സാധിച്ചാല്‍ വലിയ കാര്യമെന്ന് കരുതുന്ന പുതു തലമുറ സ്മാര്‍ട്ട്‌ഫോണുകളുടെ കാലത്താണ് 17 വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍ യാതൊരു കേടുമില്ലാതെ ഞെട്ടിക്കുന്നത്. നോക്കിയയുടെ 3310 ഫോണാണ് അതിന്റെ ദീര്‍ഘായുസ്സുകൊണ്ട് ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നത്.

2000മാണ്ടിലാണ് നോക്കിയ 3310 പുറത്തിറങ്ങുന്നത്. അന്ന് മൊബൈല്‍ വിപണിയില്‍ എതിരാളികളില്ലാത്ത മഹാരഥന്മാരായിരുന്നു നോക്കിയ. പുറത്തിറങ്ങിയ വര്‍ഷം തന്നെയാണ് മുന്‍ ബ്രിട്ടീഷ് സൈനികനായ ഡേവി മിച്ചല്‍ നോക്കിയ 3310 സ്വന്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുദ്ധമേഖലയില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി സേവനം ചെയ്യുമ്പോഴും ഡേവിനൊപ്പം ഈ മൊബൈലുണ്ടായിരുന്നു. ഇപ്പോള്‍ ഡേവ് മിച്ചലിന് 49 വയസാണ്. കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടെ എണ്ണമറ്റ തവണ ഈ ഫോണ്‍ താഴെ വീണിട്ടുണ്ട്. ഓരോ വീഴ്ചയിലും പല കഷണങ്ങളായി ചിതറുന്ന ഫോണ്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ കൂട്ടിച്ചേര്‍ക്കാനും സാധിക്കും. 17 വര്‍ഷമായി പ്രവര്‍ത്തനം നടത്തുന്ന ഫോണിന് ഇപ്പോഴും യാതൊരു കുഴപ്പവുമില്ല. സ്മാര്‍ട്ട് ഫോണുകള്‍ വാഴുന്ന ഈ കാലത്തും ഡേവ് മിച്ചലിന്റെ ഫോണിന്റെ പല വിശേഷണങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്.

പത്ത് ദിവസത്തിലൊരിക്കല്‍ മാത്രമാണ് അദ്ദേഹം തന്റെ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നത്. ഒരിക്കല്‍ വാഷിംഗ് മെഷീനിലും മറ്റൊരിക്കല്‍ സോസിലും ഫോണ്‍ വീഴുകയുണ്ടായി. വെള്ളത്തില്‍ ധാരാളം തവണ വീണിട്ടുണ്ട്. അപ്പോഴൊക്കെ ബാറ്ററി മാറ്റിവച്ച് തുടച്ച് ഈര്‍പ്പം കളഞ്ഞശേഷം പഴയരൂപത്തിലാക്കി സ്വിച്ച് ഓണ്‍ ചെയ്താല്‍ പഴയതുപോലെ ഫോണ്‍ പ്രവര്‍ത്തിക്കുന്നതാണ് പതിവ്. നോക്കിയ 3310ന്റെ പല സ്‌പെസിഫിക്കേഷനുകളും ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണുകളുമായി താരതമ്യത്തിന് പോലും സാധ്യമല്ല. ഒരു കെബിയാണ് നോക്കിയ 3310ന്റെ മെമ്മറി. ആകെ 250 കോണ്‍ടാക്ട് നമ്പറുകള്‍ മാത്രമാണ് ശേഖരിക്കാനാവുക. 84*48 പിക്‌സല്‍ മോണോക്രോം ഡിസ്‌പ്ലേ. കാമറയോ ഇന്റര്‍നെറ്റോ ഇല്ല. സ്വന്തം മൊബൈലിന്റെ ന്യൂനതകളേക്കാള്‍ സാധ്യതകളെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഡേവ് മിച്ചല്‍ തന്റെ മൊബൈല്‍ നോക്കിയ കമ്പനിക്ക് പോലും കൊടുക്കാന്‍ തയ്യാറല്ല.

Related posts