തിരുവില്വാമല: മൊബൈൽ ഫോണ് പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് ഒന്നര വർഷമാകുന്പോഴും അന്വേഷണം എങ്ങുമെത്താതെ നിശ്ചലമായി നിൽക്കുന്നു. കേരളത്തെ മുഴുവൻ ഞെട്ടിച്ച ഈ ദുരന്തം നടന്ന് പതിനെട്ട് മാസമാകുന്പോഴും സംഭവത്തിലെ ദുരൂഹത മാറിയിട്ടില്ല.
പൊട്ടിത്തെറി എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ചും എന്താണ് പൊട്ടിത്തെറിച്ചത് എന്നതും ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. മൊബൈൽ ഫോണ് കണ്ടുകൊണ്ടിരിക്കുന്പോൾ ഫോണ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നായിരുന്നു ആദ്യമെല്ലാം കരുതിയിരുന്നത്.
എന്നാൽ മൊബൈൽ ഫോണ് പൊട്ടിത്തെറിച്ചല്ല കുട്ടി മരിച്ചതെന്നും സ്ഫോടക വസ്തുപൊട്ടിത്തെറിച്ചാണെന്നും ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ളപരിശോധന ഫലം പുറത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണവും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ജില്ല ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതായാണ് അറിയുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം പോലീസിന് അന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം അന്വേഷണം ഊർജിതമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് പറഞ്ഞിരുന്നത്.
2023 ഏപ്രിൽ 24ന് രാത്രിയിലാണ് ഫോണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ സ്ഫോടനമുണ്ടായി മുൻ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പട്ടിപ്പറന്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും ഏക മകൾ ആദിത്യശ്രീ (8) കൊല്ലപ്പെടുന്നത്.
മുഖത്തിന്റെ ഒരുവശം തകരുകയും കഴുത്ത് മുറിയുകയും ചെയ്തിരുന്നു. കിടക്കയിൽനിന്നും ശരീരഭാഗങ്ങളിൽനിന്നും ശേഖരിച്ച അവശിഷ്ടങ്ങളുടെ പരിശോധനയിൽ സ്ഫോടക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ഫോറൻസിക് പരിശോധനാഫലം. പറന്പിൽനിന്ന് ലഭിച്ച പന്നിപ്പടക്കം അറിയാതെ കുട്ടി കടിച്ചതാകാം അപകടത്തിനു കാരണമെന്ന് പറയുന്നു.
സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതുമൂലമുള്ള മരണമാണെന്നുള്ള ഫോറൻസിക് പരിശോധനാഫലം ആദിത്യശ്രീയുടെ അച്ഛൻ അശോക് കുമാർ അന്ന് നിഷേധിച്ചിരുന്നു. അന്ന് വൈകിട്ട് ആറ് മണിക്ക് വീട്ടിലെത്തിയ കുട്ടി പിന്നീട് പുറത്ത് പോയിട്ടില്ലെന്നും 10.10 നാണ് സ്ഫോടനം നടന്നതെന്നുമാണ് അശോകൻ പറഞ്ഞത്. സംഭവം നടന്ന സമയത്ത് ഉഗ്രശബ്ദം കേട്ടതായി സമീപ വാസികൾ പറഞ്ഞിരുന്നു.
ലെബനനിൽ പേജർ, വാക്കിടോക്കി പൊട്ടിത്തെറിച്ച സംഭവം വലിയ വാർത്തയാകുന്പോൾ ഫോണ് പൊട്ടിത്തെറിച്ച് ബാലിക മരിച്ച തിരുവില്വാമലയിലെ സ്ഫോടനവും ദുരന്തത്തെകുറിച്ചുള്ള അന്വേഷണവും വീണ്ടും ചർച്ചയാവുകയാണ്.