അൻഹുയി (ചൈന): കൊല്ലത്ത് കുട്ടിയെ തട്ടിയെടുത്തശേഷം പത്തു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ മാത്രമല്ല ലോകത്ത് പലഭാഗങ്ങളിലും അരങ്ങേറാറുണ്ട്.
എന്നാൽ ചൈനയിൽ നടന്ന തട്ടിയെടുക്കലും പണം ആവശ്യപ്പെടലും ഇതിൽനിന്നു വ്യത്യസ്തവും വിചിത്രവുമായിരുന്നു. കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലാണു സംഭവം നടന്നത്. തട്ടിയെടുത്തത് കുട്ടിയെയല്ല, ഒരു മൊബൈൽ ഫോണാണ്.
ഷാങ്ങ് എന്ന വിദ്യാർഥിനിയുടെ ഐ ഫോൺ 13 ആണ് ഒരു റസ്റ്ററന്റിൽ വച്ച് ഒരാൾ തട്ടിയെടുത്തത്. പെൺകുട്ടി ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് റസ്റ്ററന്റിലെ സിസിടിവി പരിശോധിച്ചപ്പോൾ ഒരു യുവാവ് ഫോൺ മോഷ്ടിക്കുന്നതു കണ്ടെത്തി.
തുടര്ന്നു പോലീസ് പറഞ്ഞതനുസരിച്ച് പെൺകുട്ടി അയാളെ ഫോണിൽ വിളിച്ച് ഫോൺ മടക്കി നൽകാൻ ആവശ്യപ്പെട്ടു. തിരിച്ചുതന്നാൽ പരാതി പിൻവലിക്കാമെന്നും പറഞ്ഞു.
എന്നാൽ വെറുതെ ഫോൺ തിരികെ നൽകാൻ കള്ളൻ തയാറായിരുന്നില്ല. ഫോണിനു പകരം 2,000 യുവാൻ (24,000 രൂപ) നൽകിയാൽ നോക്കാമെന്നായി അയാൾ. പണം നൽകിയില്ലെങ്കിൽ ഫോൺ റീസ്റ്റോർ ചെയ്ത് മുഴുവൻ ഡാറ്റകളും ഡിലീറ്റ് ചെയ്യുമെന്ന ഭീഷണിയും മുഴക്കി.
അത്രയും പണം നൽകാൻ കൈവശമില്ലെന്നു പെൺകുട്ടി പറഞ്ഞപ്പോൾ കള്ളൻ തന്റെ ആവശ്യം 1,500 യുവാനായി കുറച്ചു. അത് സമ്മതിച്ച പെൺകുട്ടി, 500 യുവാൻ താൻ ആദ്യം നൽകാമെന്നും പിന്നീട് ഫോൺ കിട്ടിയശേഷം ബാക്കി തുക നൽകാമെന്നും പറഞ്ഞു.
പക്ഷേ തുക മുഴുവൻ ഫോൺ നൽകുന്നതിന് മുൻപായി തരണമെന്നായി കള്ളൻ. ഒടുവിൽ പെൺകുട്ടി കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. പോലീസ് ഉണർന്നു പ്രവർത്തിച്ചതോടെ ഗെംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കള്ളൻ വൈകാതെ കുടുങ്ങുകയും ചെയ്തു. മോഷണം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ കള്ളനെതിരേ ചാർത്തി.